പറവൂർ : പൈപ്പുപൊട്ടിയതിനെത്തുടർന്ന് വടക്കേക്കര പഞ്ചായത്തിൽ കഴിഞ്ഞ നാലുദിവസമായി ശുദ്ധജല വിതരണം തടസപ്പെട്ടു. തീരദേശ ഗ്രാമങ്ങളായ കൊടുവള്ളിക്കാട്, മാല്യങ്കര, മൂത്തകുന്നം, ചെട്ടിക്കാട്, കുഞ്ഞിത്തൈ പ്രദേശങ്ങളിലുള്ളവർ കടുത്ത ദുരിതത്തിലായി. ബദൽ സംവിധാനമേർപ്പെടുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടിടത്ത് പൈപ്പ് പൊട്ടിയതിനാലാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്. പൈപ്പ് നന്നാക്കി പമ്പിംഗ് ആരംഭിച്ചപ്പോൾ ചൊവ്വര ജലശുദ്ധീകരണശാലയിൽ വൈദ്യുതി തകരാറിലായി. ഇന്നലെ ഉച്ചയോടെ ചൊവ്വരയിൽ നിന്ന് പമ്പിംഗ് ആരംഭിച്ചെങ്കിലും തീരദേശ മേഖലയിൽ കുടിവെള്ളമെത്താൻ രണ്ട് ദിവസമെടുക്കും

.

# ടാങ്കറിൽ കുടിവെള്ളമെത്തിക്കണം

പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് അധികൃതർ ബദൽ നടപടികൾ സ്വീകരിക്കണം. ടാങ്കർ ലോറികളിൽ ഉടൻ വെള്ളമെത്തിക്കണം.

അനിൽ എലിയാസ്,

വടക്കേക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്

# പണമില്ല. പൈപ്പിടൽ പദ്ധതി റദ്ദാക്കി.

പറവൂരിൽനിന്ന് മുനമ്പംകവലവരെ പഴയ കുടിവെള്ള പൈപ്പ് മാറ്റിയിടാൻ അനുവദിച്ച പദ്ധതി വാട്ടർ അതോറിറ്റി റദ്ദാക്കി. പദ്ധതി നടപ്പിലാക്കാനുള്ള പണമില്ലെന്ന് പറഞ്ഞാണ് നിലവിലുള്ള പദ്ധതികൾ റദ്ദാക്കിയതിന്റെ കൂട്ടത്തിൽ ഈ പദ്ധതിയും റദ്ദാക്കിയത്. 2015ൽ യു.ഡി.എഫ് ഭരണകാലത്താണ് വി.ഡി. സതീശൻ എം.എൽ.എയുടെ ആവശ്യപ്രകാരം 311 ലക്ഷം രൂപയുടെ പദ്ധതിയുടെ അംഗീകാരം ലഭിച്ചത്. 2016ൽ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പായി 95 ലക്ഷം രൂപ നാഷണൽ ഹൈവേ അതോറിറ്റിയിൽ അടച്ച് അനുമതി വാങ്ങണമായിരുന്നു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും യോഗങ്ങൾ നടന്നെങ്കിലും പണമില്ലാത്തിനാൽ തുക അടച്ചില്ല.

# പദ്ധതി പുനരാരംഭിക്കണം

ഈ പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശൻ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.