കൊച്ചി : കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാതെ പ്രവാസി മലയാളികളെ നാട്ടിൽ എത്തിക്കരുതെന്നാവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഹൈക്കോടതിയിൽ ഹർജി നൽകി.
യാത്രാവിലക്കുള്ളതിനാൽ മടങ്ങി വരാനാവാതെ വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുത്തെങ്കിലും, മടക്കിക്കൊണ്ടുവരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തുന്നില്ല പകരം , തെർമൽ സ്ക്രീനിംഗ് നടത്തി രോഗലക്ഷണമില്ലെന്ന് കണ്ടെത്തി നാട്ടിലെത്തിക്കാനാണ് ശ്രമം. കൊവിഡ് സ്ഥിരീകരിക്കാനുള്ള ആർ.ടി - പി.സി.ഇ ടെസ്റ്റ് ഇവർക്ക് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിട്ടില്ല. വിമാനയാത്രക്കാർക്കായി രാജ്യാന്തരതലത്തിൽ അംഗീകരിച്ചിട്ടുള്ള ആരോഗ്യ പ്രോട്ടോക്കോളിന് വിരുദ്ധമാണിത്.ഗർഭിണികളും കുട്ടികളും പ്രായമായവരുമൊക്കെ മടങ്ങിവരുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരെ രോഗികൾക്കൊപ്പം കൊണ്ടുവരുന്നത് കേരളം നടത്തിവരുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. .മതിയായ പരിശോധന നടത്തി പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എഴുതിയ കത്തിൽ നടപടിയെടുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.