വൈപ്പിൻ: കഴിഞ്ഞ ദിവസം ചാറ്റൽമഴക്കൊപ്പം വീശിയ ശക്തമായ കാറ്റ് വൈപ്പിനിലെ വിവിധ പ്രദേശങ്ങളിൽ നാശം വിതച്ചു. പലയിടങ്ങളിലും വൃക്ഷങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞും പാതകളിലും പുരയിടങ്ങളിലും മറ്റും പതിച്ചു. ചെറായി, ഞാറക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലെ വിവിധ സ്ഥലങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞും, ചരിഞ്ഞും കമ്പികൾ പൊട്ടിയതും മൂലം വൈദ്യുതി വിതരണം ഏറെ നേരം തകരാറിലായി. ചെറായി സെക്ഷനിൽ നാലിടങ്ങളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. രണ്ടിടങ്ങളിൽ പോസ്റ്റുകൾ ഒടിഞ്ഞു. ചെറായി ദേവസ്വംനട, മനയത്തുകാട്, ഡിസ്പൻസറി, കുഴുപ്പിള്ളി പള്ളത്താംകുളങ്ങര എന്നിവടങ്ങളിൽ വൃക്ഷങ്ങൾ വീണ് വൈദ്യുതി കമ്പി പൊട്ടി. മുനമ്പം മാർക്കറ്റ് റോഡിലും, മുനമ്പം പള്ളിക്ക് സമീപവുമാണ് പോസ്റ്റുകൾ ഒടിഞ്ഞത്. ഞാറക്കൽ സെക്ഷന് കീഴിൽ വൃക്ഷങ്ങൾ വീണ് 12 ഇടങ്ങളിൽ വൈദ്യുതി കമ്പി പൊട്ടി. ഏഴ് പോസ്റ്റുകൾ ഒടിഞ്ഞു. 3 പോസ്റ്റുകൾ ചരിഞ്ഞു. ഞാറക്കൽ മത്സ്യഫെഡ് ഫിഷ് പോണ്ടിലെ കെട്ടിടത്തിൻറെ ഷീറ്റുകൾ പറന്നുപോയി.

പെരുമ്പിള്ളിയിൽ സംസ്ഥാനപാതയിൽ മാവ് വീണതിനെ തുടർന്ന് ഗതാഗതവും തടസപ്പെട്ടു. അർദ്ധരാത്രിയോടെ ഭൂരിഭാഗം പ്രദേശത്തെയും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായി ചെറായി, ഞാറക്കൽ സെക്ഷനിലെ അസി. എൻജിനീയർമാർ പറഞ്ഞു.

ഇന്നലെ പകൽ മുഴുവൻ പള്ളിപ്പുറം, കുഴുപ്പിള്ളി , എടവനക്കാട് , നായരമ്പലം , ഞാറക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങി. ചൊവ്വര ജലശുദ്ധീകരണ കേന്ദ്രത്തിലേക്കുള്ള വൈദ്യുതി കമ്പികൾ കാറ്റത്ത് പൊട്ടി വീണത് മൂലമാണ് ഇവിടങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങിയത്. സന്ധ്യയോടെ പൊതു ടാപ്പുകളിൽ ജല വിതരണം പുനസ്ഥാപിച്ചെങ്കിലും ഹൗസ് കണക്ഷനുകളിൽ വെള്ളം എത്തി തുടങ്ങിയിട്ടില്ല.