തോപ്പുംപടി: ഒരിടവേളക്ക് ശേഷം കൊച്ചിക്കായലിൽ വൻതോതിൽ കല്ലുമ്മക്കായ പ്രളയം. കടലിൽ മാത്രം കണ്ടു വരുന്ന കല്ലുമ്മക്കായ ഉൾനാടൻ കായലുകൾ വരെ എത്തി. ഇടക്കൊച്ചി, അരൂർ, കുമ്പളം, പെരുമ്പടപ്പ്, കുമ്പളങ്ങി, ഗോശ്രീ പാലം തുടങ്ങിയ സ്ഥലങ്ങളിലെ തൂണുകളിലും ചീനവല, ഊന്നി കുറ്റി, കരിങ്കൽകെട്ട് തുടങ്ങിയ സ്ഥലങ്ങളിലും ഇത് വൻതോതിൽ കാണാൻ കഴിയും. മലബാറിലാണ് ഇതിന് ഏറെ പ്രിയം.കല്ലുമക്കായ പൊരി ഉണ്ടാക്കുന്നതിനും ഭക്ഷണ ശാലകളിൽ ഫ്രൈയാക്കിയാലും ഇതിന് വൻ ഡിമാന്റാണ്. കടലിലേയും കായലിലേയും ജലസാന്ദ്രത ഒരേ തരത്തിലായതാണ് വർദ്ധനവിന് കാരണം. കല്ലുമ്മക്കായ പോലുള്ള ജീവികളുടെ ലാർവകളെ ഭക്ഷിച്ചിരുന്ന വലിയ തരം ചില മത്സ്യങ്ങൾ കടലിൽ നിന്നും അപ്രതക്ഷ്യമായതാണ് ഇവയുടെ പ്രജനനം വൻതോതിൽ വർദ്ധിക്കാൻ കാരണമായത്. കായൽ പരപ്പിൽ ഇത്തരം ജീവികൾ എത്തുന്നതോടെ കായലിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾക്ക് കുറവ് വരാൻ സഹായമായെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തോട് കളയാത്ത കല്ലുമ്മക്കായക്കാണ് വൻ ഡിമാന്റ്.മത്സ്യതൊഴിലാളികളെ കൂടാതെ സാധാരണക്കാർ വരെ കായലിൽ ഇറങ്ങി ഇതിനെ തപ്പി പിടിക്കുന്ന സ്ഥിതിയാണ്.
# കല്ലുമ്മക്കായ@300
കഴിഞ്ഞ വർഷം മലബാറിൽ നിന്നു വരെ കൊച്ചിയിൽ എത്തി ഭക്ഷണശാലക്കാർ ഇത് കൊണ്ടുപോയിരുന്നു.എന്നാൽ ഇത്തവണ കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഭക്ഷണശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ ഇതിന് ഡിമാന്റ് കുറഞ്ഞു.കൊച്ചി കായൽ തീരത്ത് മത്സ്യതൊഴിലാളികൾ ഇത് ശേഖരിക്കുന്ന തിരക്കിലാണ്. കൊച്ചിയിലെ പല മാർക്കറ്റുകളിലും ഇത് ലഭ്യമാണ്. കിലോക്ക് 300 രുപയാണ് വില.