കോലഞ്ചേരി: പൈപ്പ് പൊട്ടലിൽ റെക്കോഡിടാനൊരുങ്ങി ചൂണ്ടി. ലോക്ക് ഡൗണിലും പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ പൊട്ടിക്കുന്നതാണോ എന്ന സംശയവും നാട്ടുകാർക്കുണ്ട്. ചൂണ്ടി വാട്ടർ അതോറിറ്റിയിൽ നിന്ന് കോലഞ്ചേരി, പാങ്കോട്, കടയിരുപ്പ്, കോട്ടൂർ, ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന വലിയ പൈപ്പാണ് ചെവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വലിയ ശബ്ദത്തോടെ പൊട്ടിയത്.സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളവും ചെളിയും കയറിയതോടെ വ്യാപാരകൾ ആവശ്യപ്പെട്ടതനുസരിച്ച് വാൽവ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിർത്തി. വെയിറ്റിംഗ് ഷെഡിന്റെ മുൻവശത്താണ് റോഡിനോടു ചേർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. പൈപ്പ് പുനസ്ഥാപിക്കുവാനുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും റോഡരുകിൽ രൂപപ്പെട്ട ഗർത്തത്തിൽ ഇനി ആരു വീഴുമെന്നാണ് അറിയേണ്ടത്.
#പൈപ്പ് പൊട്ടുന്നത് നിത്യ സംഭവം
കാലഹരണപ്പെട്ട പൈപ്പ് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് മുതൽ ചൂണ്ടി വരെ നവീകരിച്ചെങ്കിലും ജംഗ്ഷനിലേക്ക് പുതിയ പൈപ്പ് എത്തിയിട്ടില്ല. ഈ പൈപ്പിനു സമീപത്താണ് വൈദ്യുതി ബോർഡിന്റെ ഭൂഗർഭ കേബിൾ പോകുന്നത്. പൈപ്പു പൊട്ടുമ്പോൾ വൈദ്യുതി ലൈനിന് കേട് സംഭവിച്ചാൽ വൻ ദുരന്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന ഭീതിയും വ്യാപാരികൾക്കുണ്ട്. കരാറുകാരും അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് പൈപ്പ് നവീകരിക്കാത്തതിന് പിന്നിലെന്ന പരാതിയും ഉയരുന്നുണ്ട്. ചില ഷിഫ്റ്റുകളിൽ ജോലി നോക്കുന്നവർ കുടിവെള്ള വിതരണത്തിൽ പൈപ്പിൽ വരുത്തേണ്ട സമ്മർദ്ദ വ്യത്യാസങ്ങളിൽ കൃത്യത പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതാണ് പൈപ്പ് പൊട്ടലിനു കാരണമായി പറയുന്നത്.