കൊച്ചി: 'ഹൃദയശസ്ത്രക്രിയ കഴിഞ്ഞയാളാണ് ഞാൻ. വാതം കൊണ്ടു വലയുന്ന ഭാര്യ ഷാജിതയും മരുന്നിന്റെ ബലത്തിലാണ് ജീവിക്കുന്നത്. മരുന്നിന് മാത്രം മാസം ഏഴായിരം രൂപ വേണം. വീട്ടുവാടക, മകന്റെ പഠനം, എല്ലാം കൊവിഡ് വന്നതോടെ അവതാളത്തിലാണ്.' കലൂരിലെ ഓട്ടോ ഡ്രൈവറും ഐ.എൻ.ടി.യു.സി നേതാവുമായ റഷീദ് പറഞ്ഞു.
മരുന്ന് വാങ്ങാൻ പലരുടെയും സഹായം തേടി. സ്വന്തം പാർട്ടിക്കാർ പോലും കാര്യമായി സഹായിച്ചില്ലെന്ന് പറഞ്ഞപ്പോൾ റഷീദിന്റെ വാക്കുകൾ ഇടറി.
ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. അംഗങ്ങളല്ലാത്തവർക്ക് ആയിരം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ നൽകുമെന്ന വാഗ്ദാനമായിരുന്നു മറ്റൊരു പ്രതീക്ഷ. ഭാര്യക്ക് അയൽക്കൂട്ടത്തിൽ നിന്ന് 5,000 രൂപയേ ലഭിക്കൂവെന്ന് അറിഞ്ഞതോടെ ആ സ്വപ്നവും പൊലിഞ്ഞു.
കേരളത്തിലെ ബഹുഭൂരിപക്ഷം ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സ്ഥിതി റഷീദിന്റെ തന്നെയാണ്. ഒരു മാസത്തിലേറെയായി ഓട്ടമില്ല. വരുമാനം നിലച്ചു. ബാങ്കുകളിൽ നിന്നും ബ്‌ളേഡുകാരിൽ നിന്നും വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ല. സൗജന്യ റേഷനും സന്നദ്ധ സംഘടനകൾ നൽകിയ സഹായവും മൂലം പട്ടിണി ഒഴിവായെന്ന് മാത്രം.
ഓടാതിരുന്ന ആട്ടോറിക്ഷകൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. വർക്ക്‌ഷോപ്പിൽ കയറ്റാൻ നിവൃത്തിയില്ല. അരിക്കാശ് പ്രതീക്ഷിച്ചിറങ്ങിയവരെ ഓടാൻ അനുവദിക്കുന്നില്ല.
#പ്രീ പെയ്ഡ് തുക നൽകണം
റെയിൽവെ സ്‌റ്റേഷനുകളിലും മറ്റു പ്രീ പെയ്ഡ് സ്റ്റാൻഡുകളിലും നിന്ന് സർവീസ് ചാർജായി പിരിച്ചെടുത്ത തുക ദുരിതത്തിലായ തൊഴിലാളികളുടെ ക്ഷേമത്തിന് ഉപയോഗിക്കണം.
വി.എസ്. സുനിൽകുമാർ
പ്രസിഡന്റ്
ഓട്ടോറിക്ഷ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)