പള്ളുരുത്തി: ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങളുടെ സൗകര്യം നോക്കി മീൻ, പച്ചക്കറി വിപണി റോഡ് വക്കിൽ. ഇതു മൂലം കൊച്ചിയിലെ മാർക്കറ്റുകളായ കച്ചേരിപ്പടി, വെളി, തോപ്പുംപടി, കൊന്തേ, പെരുമ്പടപ്പ്, പോളക്കണ്ടം തുടങ്ങിയ മാർക്കറ്റുകളിൽ ആളില്ലാത്ത സ്ഥിതിയായി മാറി. മറൈൻ ജംഗ്ഷൻ, എസ്.ഡി.പി.വൈ.റോഡ് ജംഗ്ഷൻ, എം.എൽ.എ റോഡ്, തോപ്പുംപടി, മട്ടാഞ്ചേരി തുടങ്ങി ഓരോ ജംഗ്ഷനിലും താൽക്കാലിക മാർക്കറ്റുകൾ തുറന്നിരിക്കുകയാണ്.പല സ്ഥലത്തും സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കുമാണ്.കഴിഞ്ഞ ദിവസം പെരുമ്പടപ്പ്മാർക്കറ്റ് ഉണ്ടായിട്ടും കച്ചവടക്കാർ പുറത്തിരുന്ന് കച്ചവടം നടത്തിയവരെ പൊലീസ് എത്തി അകത്തേക്ക് ഓടിച്ചു. സിനിമാ സെറ്റ് ഇട്ടതു പോലെയാണ് പല സ്ഥലത്തും താൽക്കാലിക മാർക്കറ്റ് തുടങ്ങിയിരിക്കുന്നത്. മീൻ, പച്ചക്കറി കൂടാതെ ചക്ക, മാങ്ങ, തേങ്ങ, തണ്ണി മത്തൻ, പൊട്ട് വെള്ളരി, പഴം, പൈനാപ്പിൾ തുടങ്ങി നിരവധി കച്ചവടക്കാരാണ് എത്തിയിരിക്കുന്നത്. ഇതു മൂലം ഭീമമായ വാടക കൊടുത്ത് മാർക്കറ്റിൽ കച്ചവടം നടത്തുന്നവർക്ക് ദിനംപ്രതി വാടക പൈസ പോലും ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാരുടെ പരാതി.പൊലീസ് ഇടപെട്ട് താൽക്കാലിക മാർക്കറ്റ് അടച്ചു പൂട്ടിക്കണമെന്നാണ് മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നത്.