കൊച്ചി: ലോക്ക് ഡൗണിൽ മാലിദ്വീപിൽ കുടുങ്ങിയ 750 ഇന്ത്യക്കാരുമായി നാവികസേനയുടെ യുദ്ധക്കപ്പൽ ഞായറാഴ്ച കൊച്ചി തുറമുഖത്തെത്തും. യാത്രക്കാരുടെ ആരോഗ്യ പരിശോധനകൾക്ക് ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങൾ തുറമുഖത്ത് പൂർത്തിയായി.
ജലാശ്വ കപ്പൽ ഇന്നലെ രാവിലെ മാലിദ്വീപിലെത്തി. ഇന്ന് യാത്രക്കാരെ കയറ്റുന്നതിന് നടപടി തുടങ്ങും. നിരീക്ഷണത്തിൽ കഴിയാൻ ആവശ്യമായ സൗകര്യങ്ങൾ കപ്പലിൽ ഒരുക്കിയിട്ടുണ്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. 900 കിലോമീറ്റർ സഞ്ചരിച്ചാണ് കപ്പൽ കൊച്ചിയിൽ തിരിച്ചെത്തുക.
യാത്രക്കാരുടെ വിവരങ്ങൾ സംബന്ധിച്ച സാക്ഷ്യപത്രം തുറമുഖത്ത് എത്തുന്നതിന് മുമ്പേ നാവികസേന എഴുതിവാങ്ങും. തുറമുഖത്ത് എത്തിയാലുടൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണം കണ്ടെത്തുന്നവരെ ആദ്യം കപ്പലിൽ നിന്നിറക്കും. ഇവരെ ആംബുലൻസിൽ നിരീക്ഷണകേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. കസ്റ്റംസ് പരിശോധനകൾക്കുശേഷം പുറത്തിറക്കുന്ന യാത്രക്കാരെ ജില്ല തിരിച്ച് ബസുകളിൽ സ്വന്തം നാടുകളിലേക്ക് അയക്കും. സംസ്ഥാനത്തിന് പുറത്തുള്ളവരെ പിന്നീട് നാടുകളിലേക്ക് അയക്കും. കപ്പലിൽ വരുന്നവരെ സ്വീകരിക്കാൻ ബന്ധുക്കൾക്ക് പ്രവേശനമില്ല.
സാമുദ്രിക ക്രൂയിസ് ടെർമിനലിൽ യാത്രക്കാരെ സ്വീകരിക്കാനും ഒൗദ്യോഗിക നടപടികൾക്കും സൗകര്യങ്ങൾ ഒരുക്കി. സാമൂഹിക അകലം പാലിച്ചാണ് ക്രമീകരണങ്ങൾ. ജില്ലാഭരണകൂടം, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുമായി ചേർന്നാണ് തുറമുഖം നടപടികൾ സ്വീകരിച്ചത്.
തുറമുഖ ചെയർപേഴ്സൺ ഡോ. എം. ബീന, ഐ.ജി. വിജയ് സാഖറെ, സബ് കളക്ടർ സ്നേഹിൽകുമാർ സിംഗ് തുടങ്ങിയവർ മുന്നൊരുക്കങ്ങൾ വിലിയിരുത്തി.