കൊച്ചി: കൊവിഡ് മാരകമായി പടരുന്ന യു.എ.ഇയിൽ പ്രാണഭീതിയോടെ ദിനങ്ങളെണ്ണിക്കഴിഞ്ഞ പ്രവാസികൾ ജന്മനാടിന്റെ സുരക്ഷയും സ്നേഹവും കരുതലും ഏറ്റുവാങ്ങാൻ ആശ്വാസംനിറഞ്ഞ മനസുമായി കേരളത്തിൽ തിരിച്ചെത്തി. 181പേർ കൊച്ചിയിലും 182 പേർ കോഴിക്കോട്ടുമാണ് എത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആരംഭിച്ച ദൗത്യത്തിന്റെ ആദ്യദിവസമായ ഇന്നലെ രണ്ടു വിമാനങ്ങളിലായാണ് ഇവർ വന്നത്.
നാലുകുട്ടികളും 49 ഗർഭിണികളും ഉൾപ്പെടെ 181 പേരുമായി യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് എയർഇന്ത്യയുടെ ഐ.എക്സ് 452 ബോയിംഗ് 747 വിമാനമാണ് ആദ്യം എത്തിയത്. വൈകിട്ട് ഏഴോടെ പുറപ്പെട്ട വിമാനം രാത്രി 10.08 ന് നെടുമ്പാശേരിയിൽ ഇറങ്ങി.
ഏയ്റോബ്രിഡ്ജിലൂടെ ടെർമിനിൽ എത്തിച്ച മുഴുവൻ പേരെയും അകലം പാലിച്ച് ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കി. കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകളും പൂർത്തിയാക്കി. അണുമുക്തമാക്കിയശേഷമാണ് ലഗേജുകൾ എത്തിച്ചത്. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലക്കാരാണ് ഇവർ.
യാത്രക്കാരെ അവരവരുടെ ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എറണാകുളം ജില്ലക്കാരും കാസർകോട് സ്വദേശിയും കളമശേരിയിലെ എസ്.സി.എം.എസ്, രാജഗിരി കോളേജുകളുടെ ഹോസ്റ്റലുകളിലാണ് നിരീക്ഷണത്തിൽ കഴിയുക. ഗർഭിണികളെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. ഇവർക്ക് സ്വകാര്യവാഹനങ്ങളോ എയർപോർട്ട് ടാക്സിയോ തിരഞ്ഞെടുക്കാൻ അനുമതി നൽകി. അബുദാബി വിമാനത്താവളത്തിൽ ഉച്ചയോടെ എത്തിയ ഇവരെ ഇന്ത്യൻ എംബസി സ്വീകരിച്ചു. എല്ലാവരെയും ആന്റിബോഡി റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കി. 15 മിനിറ്റിനകം ലഭിക്കുന്ന ഫലത്തിലൂടെ കൊവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബോർഡിംഗ് പാസുകൾ അനുവദിച്ചത്. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻകപൂറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കി യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്.
അണുമുക്തമാക്കിയ വിമാനത്തിൽ ജീവനക്കാർ ഉൾപ്പെടെ വ്യക്തിഗത സുരക്ഷാ കിറ്റുകൾ ധരിച്ചിരുന്നു. യാത്രയ്ക്കിടെ ആർക്കെങ്കിലും ആരോഗ്യപ്രശ്നമുണ്ടായാൽ കിടത്തി ചികിത്സിക്കാൻ പിന്നിലെ രണ്ടുവരി സീറ്റുകൾ മാറ്റിവച്ചിരുന്നു. ഇവിടം പ്രത്യേകം തിരിച്ച് ഐസൊലേഷൻ വാർഡിന് തുല്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. യാത്രക്കാർക്കായി എട്ട് ട്രാൻസ്പോർട്ട് ബസുകളും 40 ടാക്സികളും ഒരുക്കിയിരുന്നു. തൃശൂർ സ്വദേശികളായ 60പേരെ മൂന്നു ബസുകളിൽ ഗുരുവായൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.