airindia1
എയർ ഇന്ത്യാ വിമാനത്തിലെ ജീവനക്കാർ

നെടുമ്പാശേരി: കൊവിഡിനെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിന് തുടക്കം കുറിച്ചതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് അബുദാബിയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ജീവനക്കാർ. എയർ ഇന്ത്യയുടെ ഐ.എക്സ് 452 നമ്പർ ബോയിംഗ് 747 വിമാനമാണ് പറന്നത്.

അൻഷുൾ ഷിറോംഗ് പൈലറ്റും റിസ്‌വിൻ നാസർ സഹ പൈലറ്റുമായിരുന്നു. ദീപക് മേനോൻ, റിയങ്ക, അഞ്ജന ജോണി, തഷി ബൂട്ടിയ എന്നിവരായിരുന്നു എയർ ഹോസ്റ്റസുമാർ. തങ്ങളുടെ ജീവിതത്തിലെ അഭിമാനവും സംതൃപ്തിയും നൽകിയ ദൗത്യമാണിതെന്ന് അൻഷുൾ ഷിറോംഗ് പറഞ്ഞു. യാത്രക്കാരെ പരിചരിക്കാൻ എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച പരിശീലനം ആത്മവിശ്വാസം നൽകി.

ദൗത്യത്തിൽ പങ്കെടുക്കാൻ നിയോഗിച്ചതിൽ അഭിമാനമുണ്ടെന്ന് മലയാളികളായ ദീപക് മേനോൻ, റിയങ്ക, അഞ്ജന എന്നിവർ പറഞ്ഞു. മലയാളികളെ കൊണ്ടുവരുന്ന ദൗത്യത്തിന് കുടുംബത്തിന്റെയും പിന്തുണ ലഭിച്ചു.

കൊച്ചിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് പ്രത്യേകവിമാനം അബുദാബിയിലേക്ക് പുറപ്പെട്ടത്. രാത്രി 9.40 ന് തിരികെ കൊച്ചിയിൽ എത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അരമണിക്കൂറോളം വൈകി.