കൊച്ചി: ബൃഹത്തായ രക്ഷാദൗത്യത്തിൽ 49 ഗർഭിണികളുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ശ്രമം വിജയംകണ്ടു. അബുദാബിയിൽനിന്ന് ആദ്യമെത്തിയ വിമാനത്തിലാണ് 49 ഗർഭിണികളുണ്ടായിരുന്നത്. ഇത്രയും ഗർഭിണികളെ ഒരുമിച്ച് വിദേശത്തുനിന്ന് എത്തിക്കുന്നത് ആദ്യമായാണ്.
സുപ്രീംകോടതിയിൽ ഹർജിനൽകി അനുകൂലവിധിനേടിയ കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിരയും ആദ്യ വിമാനത്തിലുണ്ടായിരുന്നു. ജൂലായിൽ പ്രസവം നടക്കേണ്ട ആതിര കൊവിഡിനെത്തുടർന്ന് ആശങ്കയിലായിരുന്നു. ഭർത്താവ് നിഥിൻചന്ദ്രനൊപ്പം താമസിക്കുന്ന ആതിര ദുബായിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥയാണ്. കോൺഗ്രസിന്റെ ഗൾഫിലെ പോഷകസംഘടനയായ ഇൻകാസാണ് സുപ്രീംകോടതിയിൽ ഹർജിനൽകിയത്. ആതിരക്ക് മുൻഗണന നൽകണമെന്നായിരുന്നു ഉത്തരവ്.
വിമാനത്താവളത്തിൽ ഇവർക്ക് ആവശ്യമായ പരിശോധനകൾക്കും സൗകര്യം ഒരുക്കിയിരുന്നു. പുറത്തെത്താൻ വീൽച്ചെറുകളും നൽകി. ഗർഭിണികൾക്ക് സ്വന്തംവീടുകളിലേക്ക് പോകാൻ അനുമതിനൽകി. ഇവർക്ക് വീട്ടുകാരുടെ വാഹനങ്ങൾ ഉപയോഗിക്കാനും അനുവാദം നൽകി. ടാക്സി ആവശ്യമുള്ളവർക്ക് വിമാനത്താവള കമ്പനിയും വാഹനങ്ങൾ ഒരുക്കിയിരുന്നു. മറ്റു യാത്രക്കാരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോയത്.