നെടുമ്പാശേരി: ആദ്യവിമാനത്തിൽ നാട്ടിലെത്തിയ പ്രവാസികളെ വരവേറ്റത് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും ജില്ലാ കളക്ടർ എസ്. സുഹാസിന്റെയും നേതൃത്വത്തിൽ. വിമാനത്താവള അധികൃതരും വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. രോഗം പകരുന്നത് ഒഴിവാക്കാൻ വിമാനത്താവളത്തിലെ ജീവനക്കാർക്കുൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
വിമാനത്താവളത്തിൽ പ്രവേശനം അനുവദിക്കാത്തതിൽ ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ പ്രതിഷേധിച്ചു. പ്രവാസികളെ തിരികെ എത്തിക്കാൻ നിരന്തരം സമ്മർദം ചെലുത്തിയ ജനപ്രതിനിധികളെ പ്രവേശിപിപ്പിക്കാതിരുന്നത് പ്രതിഷേധാർഹമാണ്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ വിമാനത്താവളത്തിൽ എത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ജനപ്രതിനിധികളെ പ്രവേശിപ്പിക്കുന്നത് സർക്കാർ വിലക്കിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.