കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനകൾ ദുരുപേയാഗം ചെയ്യുന്ന പ്രവൃത്തികൾ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. അർഹർക്ക് ഗുണം ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ജനങ്ങൾ തുക നൽകുന്നത്. അത് അർഹർക്ക് ലഭിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.
തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി എറണാകുളം കലക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്, ആറാം പ്രതി നിധിൻ എന്നിവരുടെ ജാമ്യ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
തങ്ങൾ നിരപരാധികളാണെന്നും കേസിൽ കുടുക്കിയെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഒന്നാം പ്രതി മാർച്ച് രണ്ടിനും ആറാം പ്രതി നാലിനുമാണ് അറസ്റ്റിലായത്. 60 ദിവസം കസ്റ്റഡി പൂർത്തിയാക്കിയത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികളുടെ പ്രവൃത്തി സാഹചര്യവും വസ്തുതയും വച്ച് ന്യായീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും ജീവപര്യന്തം തടവിന് വരെ സാദ്ധ്യതയുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്താനുമുള്ള സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു.