കൊച്ചി : ആശ്വാസ തീരത്തേക്ക് മടങ്ങി എത്തിയ പ്രവാസികളുടെ സ്രവപരിശോധന ഇന്ന് മുതൽ ആരംഭിക്കും. കൊച്ചിയിലും കരിപ്പൂരിലും ഏയർ ഇന്ത്യ വിമാനത്തിൽ എത്തിയ 354 പേരുടെ സ്രവസാമ്പികളുകളാണ് ശേഖരിച്ച് വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ രാവിലെയോടെ ആരംഭിക്കുമെന്നാണ് വിവരം. അതേസമയം, അബുദാബിയിൽ നിന്നും കൊച്ചി വിമാനം ഇറങ്ങിയ പ്രവാസികളിൽ അഞ്ച് പേരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ചില ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, പ്രവാസികളുടെ ആരോഗ്യനില സംബന്ധിച്ച് ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ആരോഗ്യവകുപ്പ് നല്കുന്ന വിവരം.
എറണാകുളത്ത് സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ 17 പേരാണുള്ളത്. ഇതിൽ രണ്ട് പേർ കണ്ണൂർ സ്വദേശികളാണ്. ഇവരെ ഇന്ന് കണ്ണൂരിലേക്ക് കൊണ്ടുപോകും. പ്രത്യേക വാഹനത്തിലാണ് ഇവരെ കൊണ്ടുപോകുക. ഇന്നലെ രാത്രി 10.8ഓടെയാണ് അബുദാബിയിൽ നിന്നുള്ള വിമാനം നെടുമ്പാശേരിയിൽ എത്തിയത്. മടങ്ങിയെത്തിയ പ്രവാസികളെ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പുറത്തെത്തിച്ചത്. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ താപനില കൂടുതലായി കണ്ടതിനെത്തുടർന്നാണ് ആദ്യ സംഘത്തിലെ അഞ്ചു പേരെ രോഗ സംശയത്തെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. പരിശോധനകൾക്കു ശേഷം ഇന്നലെ രാത്രി 12 മണിയോടെയാണ് ഇവരെ പുറത്തെത്തിച്ചത്. നേരത്തെ അബുദാബി വിമാനത്താവളത്തിലെ പരിശോധനയിൽ ഇവർക്കു കുഴപ്പമൊന്നും കണ്ടിരുന്നില്ല.
അതേസമയം, വിവിധ ജില്ലകളിലുള്ളവരെ കെ.എസ്.ആർ.ടി.സി ബസുകളിൽ അതാത് ജില്ലകളിൽ എത്തിച്ച് ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കൊച്ചിയിലേക്ക് പ്രവാസികളുമായി ഒരു വിമാനം കൂടി എത്തും. ബഹ്‌റിനിൽ നിന്നാണ് പ്രവാസികളെ കേരളത്തിൽ എത്തിക്കുന്നത്. 10.15ഓടെ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ പറന്നിറങ്ങും. ശേഷം ആരോഗ്യവകുപ്പിന്റെ പരിശോധന പൂർത്തിയാക്കി പ്രവാസികളെ അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. അതേസമയം, ഇന്ന് എത്തുന്ന വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടാകുമെന്നോ ഏത് ജില്ലക്കാരാണ് ഇവരെന്നോ തുടങ്ങിയ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
വിദേശ രാജ്യങ്ങളിൽ നിന്ന് കപ്പൽ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് എല്ലാ വിധ സജ്ജീകരണങ്ങളും പൂർത്തിയായി. മാലിദ്വീപിൽ നിന്ന് 750 ഓളം പേരുമായി ആദ്യ കപ്പൽ ഞായർ രാവിലെ പത്തിന് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെർമിനലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കൂടി കപ്പൽ വഴി തുറമുഖത്തെത്തും. കൊച്ചിയിൽ എത്തുന്നതിനുമുമ്പ് കപ്പലിൽ നിന്നുള്ള എല്ലാ യാത്രക്കാരിൽ നിന്നും നാവികസേന സെൽഫ് ഇഡിക്ലറേഷൻ ഡാറ്റ ശേഖരിക്കും. കൂടാതെ യാത്രക്കാരെ കൊവിഡ് പരിശോധനക്കും വിധേയമാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും, തുടർന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുടെ യാത്രക്കാരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ലാഭരണകൂടമാണ് ആംബുലൻസ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാർക്ക് പ്രത്യേക മേഖലയും ടെർമിനലിൽ നീക്കി വച്ചിട്ടുണ്ട്.
കപ്പലിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെർമിനലിനുള്ളിൽ തുടർ പരിശോധനകൾക്ക് വിധേയമാക്കും. പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തുന്ന സെൽഫ് ഡിക്ലറേഷൻ ഫോം പരിശോധനയും ഇവിടെയാണ്. ബി.എസ്.എൻ.എൽ യാത്രക്കാർക്ക് സിം കാർഡുകൾ നൽകും. ജില്ലാ ഭരണകൂടവും പൊലീസും യാത്രക്കാർക്ക് അടിസ്ഥാന മാർഗ നിർദേശങ്ങൾ നൽകും. ഇതിനുശേഷമായിരിക്കും ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനയും ബാഗേജ് സ്‌കാനിംഗും. എല്ലാ പരിശോധനകളും പൂർത്തിയാക്കുന്ന മുറയ്ക്ക് യാത്രക്കാരെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസുകളിൽ അതാത് ജില്ലകളിലേക്ക് അയക്കും. ഒരു ബസിൽ 30 യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച് സ്വകാര്യ വാഹനങ്ങളും അനുവദിക്കും. സന്ദർശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ ഒരുകാരണവശാലും സാമുദ്രിക ടെർമിനൽ പരിസരത്തേക്ക് അനുവദിക്കില്ലെന്ന് തുറമുഖ അധികൃതർ അറിയിച്ചു.