krishn-and-prameela-


ലഖ്‌നൗ :ഉത്തർപ്രദേശിൽ നിന്നും സൈക്കിൾ മാർഗം സ്വന്തം നാടായ ചത്തീസ്ഖണ്ഡിലേക്ക് യാത്ര തിരച്ച കുടുംബത്തിലെ പിതാവും മാതാവും അഞ്ജാത വാഹനം ഇടിച്ച് മരിച്ചു. അപകടത്തിൽ ഇവരുടെ അഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ചത്തീസ്ഖണ്ഡ് സ്വദേശികളായ കൃഷ്ണ സാഹു (45) ഇയാളുടെ ഭാര്യ പ്രമീള എന്നിവരാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.

ഉത്തർപ്രദേശിലെ ലക്ക്‌നൗവിലാണ് കൃഷ്ണയും കുടുംബവും കഴിഞ്ഞിരുന്നത്. ലോക്ക് ഡൗൺ നീണ്ടതോടെ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. 800 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ച് നാട്ടിലെത്താം എന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ, യാത്ര ആരംഭിച്ച് ഏതാനും മണിക്കൂർ പിന്നിടും മുമ്പേ അപകടം ഇരുവരുടേയും ജീവനെടുത്തു.ഇവരെ ഇടിച്ചിട്ട വാഹനത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, യു.പിയിൽ ലോക്ക് ഡൗണിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായ തൊഴിലാളികൾ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങുകയാണെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.