ആലുവ: ചൂർണിക്കരയിലെ കട്ടേപ്പാടത്തെ അയ്യങ്കേരി തോട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുന്നത്തേരി മേഖലയുടെ നേതൃത്വത്തിൽ തോട്ടിൽ തോണി ഇറക്കി പ്രതിഷേധിച്ചു. സാമൂഹ്യ അകലം പാലിച്ചായിരുന്നു പ്രതിഷേധം.
തോടിന്റെ സംരക്ഷണഭിത്തി തകർന്നും പായലും മാലിന്യവും നിറഞ്ഞും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. ചൂർണിക്കരയിലെ അശോകപുരം, തായിക്കാട്ടുകര, കുന്നത്തേരി ഭാഗത്ത് ഒഴുകി എടത്തല പഞ്ചായത്തിന്റെ മാരിയിൽ ഭാഗത്തുകൂടി പെരിയാറിൽ എത്തുന്ന തോടിന് ആറ് കിലോമീറ്ററോളം നീളമുണ്ട്. മഴക്കാല ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തോടിന്റെ ഒഴുക്ക് പുന:സ്ഥാപിക്കുകയും സംരക്ഷ ഭിത്തികൾ പുനർനിർമ്മിക്കുകയും ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചൂർണിക്കര പഞ്ചായത്ത് സമിതി സെക്രട്ടറി രാജേഷ് കുന്നത്തേരി, ബൂത്ത് പ്രസിഡന്റ് പി.കെ. രാജേഷ്, സനീഷ് കളപ്പുരക്കൽ, സി.പി. പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.