ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് ബോട്ടുകൾക്ക് ക്ലീനിംഗ് ചലഞ്ച്. ആലപ്പുഴ, എറണാകുളം, മലബാർ മേഖലയിലെ 14 സ്റ്റേഷനുകളിലെയും ബോട്ടുകൾ ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും നേതൃത്വത്തിൽ ബോട്ടുകൾ പുത്തനാക്കുന്നതാണ് ചലഞ്ച്. വിജയികൾക്ക് സമ്മാനവുമുണ്ട്. അറ്റകുറ്റപ്പണിയെല്ലാം തീർത്ത് പുതുപുത്തൻ ബോട്ടുകളാകും യാത്രക്കാരെ കാത്തിരിക്കുക.
പെയിന്റ് ചെയ്യുക, ഹൾ വൃത്തിയാക്കുക, തടിബോട്ടുകളുടെ മരബുഷ് മാറുക, എൻജിൻ ഓയിൽ മാറുക തുടങ്ങിയവയെല്ലാം ചലഞ്ചിലുണ്ട്. ബോട്ടുകളുടെ വൃത്തിയാക്കൽ തുടങ്ങും മുമ്പും അതിനുശേഷവുമുള്ള ഫോട്ടോകൾ ഡയറക്ടർ, മെക്കാനിക്കൽ എൻജിനിയർ, ട്രാഫിക് സൂപ്രണ്ട് എന്നിവർക്ക് വാട്‌സ്ആപ് വഴി അയച്ചുകൊടുക്കണം. ക്ലീൻ ചെയ്ത ക്രൂ, സ്റ്റേഷൻമാസ്റ്റർ എന്നിവരുൾപ്പെടെയുള്ളവരുടെ ഫോട്ടോ സഹിതമാണ് അയക്കേണ്ടത്. ഓരോ ബോട്ടിലേക്കുമുള്ള ജീവനക്കാരുടെ ഷെഡ്യൂൾ ക്രൂവിനെ സ്റ്റേഷൻമാസ്റ്റർക്ക് പരിഗണിക്കാം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ടീമിന് വകുപ്പിൽ നിന്ന് പ്രശംസാപത്രമടങ്ങുന്ന പാരിതോഷികങ്ങളാണ് നൽകുക. ടൂറിസ്റ്റ് കം പാസഞ്ചർ എസി ബോട്ട് ശുചിയാക്കിയാണ് ജില്ലയിൽ ചലഞ്ചിന് തുടക്കമിട്ടത് തുടക്കമിട്ടത്. ആലപ്പുഴയിലെ മറ്റ് ബോട്ടുകളുടെ വൃത്തിയാക്കൽ അതിവേഗം പുരോഗമിക്കുകയാണ്.