കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ പേരിൽ ഏജൻസിയും ചില്ലറ വില്പന ഡീലർഷിപ്പും വാഗ്ദാനംചെയ്ത് വ്യാജ ഇ-മെയിലുകളും കത്തുകളും അയച്ച് പണംതട്ടിപ്പിന് ശ്രമം. യഥാർത്ഥ വെബ്‌സൈറ്റുകളോട് സാമ്യമുള്ള നിരവധി വ്യാജ വെബ്‌സൈറ്റുകൾ വഴിയുമുള്ള തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു.
കമ്പനികളുടെ ലോഗോ പതിച്ച വ്യാജ ലെറ്റർപാഡിൽ വിതരണാവകാശവും റീട്ടെയിൽ ഡീലർഷിപ്പും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കത്തുകളോ ഇമെയിൽ സന്ദേശങ്ങളോ ലഭിച്ചാൽ എണ്ണക്കമ്പനികളുടെ ഓഫീസുമായി ബന്ധപ്പെടണം. എണ്ണക്കമ്പനികളുടെ എൽ.പി.ജി വിതരണം, ഡീലർഷിപ്പ് എന്നിവയ്ക്ക് ഔദ്യോഗികവും ആധികാരികവുമായ വിവരങ്ങൾ http://www.petrolpumpdealerchayan.in/ (റീട്ടെയിൽ ഔട്ട്ലെറ്റ് ഡീലർഷിപ്പ്), www.lpgvitarakchayan.in (എൽ.പി.ജി വിതരണം) എന്നീ വെബ്‌സൈറ്റുകളിൽ നിന്നു മാത്രം സ്വീകരിക്കണം.
എണ്ണവിതരണ കമ്പനികളുടെ ഐ.ടി വിഭാഗം വ്യാജ വെബ്‌സൈറ്റുകൾ ശ്രദ്ധയിൽ പെട്ടാലുടൻ നടപടി എടുക്കാറുണ്ടെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ഉടൻ അടുത്തുള്ള പൊലീസ് സൈബർ ക്രൈംസെല്ലിൽ പരാതി നൽകണം. പൊതുമേഖലാ എണ്ണകമ്പനികൾ എൽ.പി.ജി വിതരണക്കാരെയും ഡീലർമാരെയും തിരഞ്ഞെടുക്കുന്നത് വിശദമായ പത്രപരസ്യം ഉൾപ്പെടെ സുസ്ഥാപിതമായ തിരഞ്ഞെടുപ്പ് നടപടികളിലൂടെയാണ്.
ഒരു എണ്ണ വിതരണക്കമ്പനിയും എൽ.പി.ജി വിതരണക്കാരെയും ഡീലർമാരെയും തിരഞ്ഞെടുക്കാൻ മറ്റൊരു ഏജൻസിയെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരുഘട്ടത്തിലും പണംകൈപ്പറ്റാൻ ആരെയും നിയോഗിച്ചിട്ടുമില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പേരിൽ ഏതെങ്കിലും വ്യക്തികളോ ഏജൻസികളോ കമ്പനികളോ പൊതുജനങ്ങളുടെ കൈയിൽനിന്നു് പണം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന് എണ്ണക്കമ്പനികൾ ഉത്തരവാദികളായിരിക്കില്ലെന്നും കമ്പനികൾ അറിയിച്ചു.