ധാക്ക: ലോക്ക് ഡൗണിന് ഇളവ് വരുത്താൻ ഒരുങ്ങി ബംഗ്ലാദേശ്. ഒരു മാസമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനാണ് ബംഗ്ലാദേശ് ഇളവുകൾ വരുത്തുന്നത്. ഇതോടെ, റമദാൻ പ്രാർത്ഥനകൾക്ക് ഇനി പള്ളികൾ തുറക്കും. നിയന്ത്രണങ്ങൾ പാലിച്ച് പ്രാർത്ഥനകൾ നടത്താനും അമുതിയുണ്ടാകും. രാജ്യത്തെ മത കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയമാണ് ഇത്തരത്തിൽ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മാസം മുതൽ ബംഗ്ലാദേശിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതേ തുടർന്ന് പ്രാർത്ഥനകൾക്കും ആദ്ധ്യാത്മിക പരിപാടികൾക്കും അടക്കം ഒത്തു കൂടരുത് എന്നായിരുന്നു നിർദ്ദേശമുണ്ടായിരുന്നത്.
വെള്ളിയാഴ്ച പ്രാർത്ഥനകൾക്കും 12 പേരിൽ കൂടുതൽ ആളുകൾ ഒത്തു കൂടരുത് എന്നായിരുന്നു നിർദ്ദേശങ്ങൾ. പ്രാർത്ഥനകൾക്ക് മുമ്പ് പള്ളിയുടെ ഉള്ളിൽ അണുമുക്തമാക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലത്ത് വിരിച്ചിരിക്കുന്ന പരവതാനികൾ മാറ്റുവാനും കൈകൾ കഴുകുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് പള്ളി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ മുതിർന്നവർക്കും കുട്ടികൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികളിലും ഇഫ്താർ വിരുന്നുകളിലും പങ്കെടുക്കുന്നതിനാണ് വിലക്കുള്ളത്.
ബംഗ്ലാദേശിൽ രണ്ടര ലക്ഷത്തോളം പള്ളികളാണുള്ളത്. ഇവിടേക്ക് 25 ദശലക്ഷത്തോളം ആളുകളാണ് വരാൻ പോകുന്നത് കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇത് വലിയ പ്രശ്നങ്ങൾക്കാകും ഇടവരുത്തുക എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. 12,425 ആളുകൾക്കാണ് ജംഗ്ലാദേശിൽ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200ലധികം ആളുകൾ വൈറസ് ബാധയിൽ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.