work-at-home
WORK AT HOME

കൊച്ചി: കൊവിഡിന് ശേഷം ഐ.ടി മേഖലയിൽ നിരവധിപേർക്ക് തൊഴിൽ നഷ്ടമാകുകയും വേതനം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യുമെങ്കിലും പുതിയ സാദ്ധ്യതകൾക്കും വഴിതുറക്കുമെന്ന വിദഗ്ദ്ധർ പറയുന്നു.ഫ്രീലാൻസർ കമ്യൂണിറ്റി എന്ന ലോകവ്യാപകമായ സംവിധാനം കൂടുതൽ വളരുമെന്നതാണ് കൊവിഡ് നൽകുന്ന പ്രതീക്ഷയും സാദ്ധ്യതയും. ചെറിയജോലികൾ വ്യക്തികൾ ഏറ്റെടുത്തുചെയ്യുന്നതാണ് ഫ്രീലാൻസ് രീതി. അതിന് സഹായിക്കുന്ന ധാരാളം അന്താരാഷ്ട്ര വെബ്സൈറ്റുകളും നിലവിലുണ്ട്. ഇവർക്ക് കൂടുതൽ ജോലികൾ ലഭിക്കും. കമ്പനികൾക്ക് ജോലികുറയും. 'ഗിഗ് ഇക്കോണമി' എന്നാണ് ആഗോളതലത്തിൽ ഇതറിയപ്പെടുന്നത്. യൂബർടാക്സി ഇതിന്റെ നല്ല മാതൃകയാണ്. ശമ്പളമല്ല, ചെയ്യുന്ന പണിക്കാണ് വേതനം. ലോകമെങ്ങും ഐ.ടി ജോലികളുടെ ഭാവിസ്വഭാവം അതായിരിക്കും. നാലഞ്ചുവർഷം കഴിഞ്ഞ് ഇന്ത്യയിൽ സജീവമാകേണ്ടിയിരുന്ന ഈ രീതി കൊവിഡിനുശേഷം വ്യാപകമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

ലോക്ക് ഡൗണിനെത്തുടർന്ന് സ്ഥാപനങ്ങൾ അടച്ചിട്ടെങ്കിലും ജോലിയെ ബാധിച്ചില്ല. ഓഫീസിൽ ചെയ്യുന്ന അതേജോലി വീട്ടിലിരുന്നുംചെയ്യാം. ടൂറിസം, യാത്ര, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഐ.ടി സേവനങ്ങളെ മാത്രമാണ് ഇത് സാരമായി ബാധിച്ചത്.

സ്റ്റാർട്ടപ്പുകൾക്കും കഷ്ടകാലം

സ്റ്റാർട്ടപ്പുകളിൽ കാര്യമായി തൊഴിൽ നഷ്ടപ്പെടില്ലെങ്കിലും രണ്ടും വർഷം വരെ പ്രതിസന്ധിയുടെ നാളുകളായിരിക്കും. നിലവിലെ കരാറുകൾ റദ്ദാക്കപ്പെടാനും പുതിയവ കിട്ടാതിരിക്കാനും സാദ്ധ്യതയുണ്ട്. അതിനെ നേരിടാൻ ജീവനക്കാരെയും വേതനവും വെട്ടിക്കുറക്കേണ്ടി വരും.എന്നാൽ കേരളത്തിൽ ഇതുവരെ പിരിച്ചുവിടൽ ആരംഭിച്ചിട്ടില്ല. ബിസിനസ് വിപുലീകരിക്കാൻ നിക്ഷേപത്തിന് കമ്പനികൾ തയ്യാറാകില്ല. നിയമനങ്ങൾ ഒന്നുരണ്ടു വർഷത്തേക്ക് പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഭാവികാല സാങ്കേതികവിദ്യകൾ സ്വീകരിച്ച് സ്റ്റാർട്ടപ്പുകൾക്ക് വളരാൻ കഴിയും. ചെറുകിട വാണിജ്യ വ്യാപാരമേഖലകൾ കൂടുതൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ വിപണനത്തിലേക്ക് മാറുന്നത് സ്റ്റാർട്ടപ്പുകൾക്ക് ഗുണമാകും.

 പിരിച്ചുവിടൽ ഒഴിവാക്കണം

പിരിച്ചുവിടൽ ആരംഭിച്ചിട്ടില്ല. വേതനം കുറച്ചും ജോലികൾ ക്രമീകരിച്ചും പിരിച്ചുവിടൽ ഒഴിവാക്കുകയാണ് വേണ്ടത്.

-അരുൺ ബാലചന്ദ്രൻ,

ഐ.ടി ഫെലോ,

സംസ്ഥാന സർക്കാർ.

സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട് ചില മേഖലകളിൽ ജോലിനഷ്ടമാകും. ആരോഗ്യം, വിനോദം, ചില്ലറ വില്പന മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കും. ആസൂത്രണത്തോടെ പ്രതിസന്ധിയെ നേരിടുകയാണ് വേണ്ടത്.

-സജി ഗോപിനാഥ്,

സി.ഇ.ഒ,

കേരള സ്റ്റാർട്ടപ്പ്മിഷൻ.