kamco
ത്രിപുരയിലേക്ക് അയക്കുന്നതിനുള്ള കാംകോയുടെ ടില്ലറുകൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ

നെടുമ്പാശേരി: ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാന പൊതുമേഖല സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ) ടില്ലറുകളുടെ അന്തർ സംസ്ഥാന കയറ്റുമതി പുനരാരംഭിച്ചു. ഇന്നലെ ത്രിപുരയിലേക്ക് 400 ടില്ലറുകളും അനുബന്ധ ഉപകരണങ്ങളും ഏതാനും കൊയ്ത്തുയന്ത്രങ്ങളും ഗുഡ്സ് ട്രെയിനിൽ കയറ്റിഅയച്ചു.

തിങ്കളാഴ്ച 621 ടില്ലറുകളും അനുബന്ധ ഉപകരണങ്ങളും പാലക്കാട് നിന്ന് ഗോഹാട്ടിയിലേക്കും അയക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലേക്കും അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കാംകോ ചെയർമാൻ പി. ബാലചന്ദ്രൻ, മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവർ അറിയിച്ചു. കൊവിഡ് മഹാമാരിയിൽ കാർഷിക മേഖലയിലെ തിരിച്ചടികളെ പ്രതിരോധിക്കുന്നതിനുള്ള ശ്രമമാണ് കാംകോ നടത്തുന്നത്. കാർഷിക യന്ത്രങ്ങളുടെ ഇറക്കുമതി കുറയുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും. അത്താണി, കഞ്ചിക്കോട്, മാള, കളമശേരി യൂണിറ്റുകളിൽ ഉത്പാദനം പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.