പറവൂർ : പ്രളയാന്തര പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒന്നരവർഷത്തിലധികമായി നടന്നുവരുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ജനങ്ങളെ സഹായിക്കാനെന്ന പേരിൽ വി.ഡി. സതീശൻ എം.എൽ.എ നാട്ടിലും വിദേശത്തുമായി വ്യാപകമായി ധനസമാഹരണം നടത്തിയിട്ടുണ്ട്. പദ്ധതിയുടെ വരവുചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുമെന്ന് പലവട്ടം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. പദ്ധതിയിൽ അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടുണ്ട്. എം.എൽഎയുടെ നിരന്തരമായ വിദേശയാത്രകളെക്കുറിച്ചും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സർക്കാർ നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് എം.എൽ.എ ശ്രമിക്കുന്നത്. സർക്കാർ നൽകിയതിലും കൂടുതൽ വീടുകൾ നൽകിയിട്ടുണ്ടെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ലഭിക്കേണ്ട സഹായങ്ങൾ എം.എൽ.എ ഇടപ്പെട്ട് അട്ടിമറിച്ച് സ്വന്തം നിലയിൽ ദുരൂഹമായി പണം സമാഹരിച്ച് ചെവഴിച്ചത് സമഗ്രമായി അന്വേഷിക്കണമെന്ന് സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.