കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റോഡുകളിൽ ജോലിനോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് റിസ്ക് അലവൻസും ഇൻഷ്വറൻസ് പരിരക്ഷയും നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിശദീകരണം തേടി. തിരുവനന്തപുരം രാജേശ്വരി ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ.മനോജ്കുമാർ നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് പൊലീസ് ഡ്യൂട്ടിചെയ്യുന്നതെന്നും ലോക്ക് ഡൗൺ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാൻ നിരത്തിൽ പൊലീസ് ജോലിചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യപ്രവർത്തകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന സാഹചര്യത്തിൽ പൊലീസിനും ഇതു ബാധകമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.