പറവൂർ : ആലങ്ങാട് പഞ്ചായത്തിൽ അനുഭവപെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുപ്പത്തടം വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഓഫീസിൽ പ്രതിഷേധിച്ചു. മുപ്പത്തടം കുടിവെള്ള സംഭരണിയിൽ നിന്നുള്ള പമ്പിംഗ് മുടങ്ങുകയും പൈപ്പ് പൊട്ടൽ, ജനറേറ്റർ തകരാർ എന്നിവമൂലം ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ വലയുകയാണ്.
ഇന്ന് വീടുകളിൽ കുടിവെള്ളം എത്തിക്കാമെന്നുള്ള അസി. എൻജിനീയറുടെ ഉറപ്പിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ, വി.ബി. ജബ്ബാർ, ജോസ് ഗോപുരത്തിങ്കൽ, ജൂഡോ പീറ്റർ, സുരേഷ് മുണ്ടോളിൻ എന്നിവർ പങ്കെടുത്തു.