തൃക്കാക്കര: പ്രളയബാധിത പ്രദേശങ്ങളിലെ തകർന്ന റോഡുകൾ നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ് ) യിൽ നിന്നും തൃക്കാക്കര മണ്ഡലത്തിൽ അനുവദിച്ച തുക വിനിയോഗിക്കുന്നത് വെള്ളം കയറാത്ത മേഖലയിൽ.
പി.ടി. തോമസ് എം.എൽ.എയുടെ ലിസ്റ്റ് പ്രകാരം അനുവദിച്ച 4.73 കോടി രൂപയാണ് ഇത്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടാത്ത റോഡുകൾക്കുള്ളതാണ് തുക.
തൃക്കാക്കരയ്ക്ക് അനുവദിച്ച 11 മരാമത്ത് പ്രവൃത്തികളിൽ ഭൂരിഭാഗവും കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിലാണ്. പല റോഡുകളും ഒന്നു രണ്ട് വർഷത്തിനുള്ളിൽ ടാറിംഗ് നടത്തിയിട്ടുമുണ്ട്.
പ്രളയം ബാധിക്കാത്ത നഗരസഭയാണ് തൃക്കാക്കര. പ്രളയത്തിൽ ഒരു റോഡു പോലും തകർന്നിട്ടുമില്ല.
നഗരസഭ എൻജിനിയറിംഗ് രണ്ടരലക്ഷം രൂപ എസ്റ്റിമേറ്റ് എടുത്ത ഒരു റോഡിന് സി.എം.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.
# പദ്ധതി ഇങ്ങനെ
2018ൽ പ്രളയം ബാധിച്ച് തകർന്ന റോഡുകൾ നവീകരിക്കുന്നതിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ് ) യിൽ എം.എൽ.എ ആവശ്യപ്പെടുന്ന കത്തിന്റെ അടിസ്ഥാനത്തിൽ തുക അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കും. വാർഡുതല സമിതിയാണ് പദ്ധതി നടപ്പിലാക്കേണ്ടത്.
തുക അനുവദിച്ച വാർഡ് റോഡിന്റെ പേര് തുക
09 ഇടച്ചിറ തലക്കോട്ട് മൂല മസ്ജിദ് റോഡ് 18,00,000
10 കളത്തിക്കുഴി ലക്ഷം വീട് ഇൻറേണൽ റോഡ് - 10,00,000
14 പാട്ടുപുര അമ്പലക്കോളനി റോഡ് - 10,00,000
14 മാവേലിപുരം റോഡ് - 10,00,000
15 നെടുംകുളങ്ങരമല ബൈ റോഡ് 10,00,000
16 അന്നകാത്ത് റോഡ് - 15,00,000
22 സാറ്റലൈറ്റ് മൊരിക്കമൂല റോഡ് - 30,00,000
23 കുന്നേപ്പറമ്പ് റോഡ് - 45,00,000
27 ഓലിമുകൾ അംഗൻവാടി -10,00,000
28 മസ്ജിദ് ഇല്ലത്തുമുഗൾ റോഡ് 60,00,000
43 തുരുത്തിപ്പറമ്പ് റോഡ് - 52,00,000
# റോഡുകളുടെ ലിസ്റ്റ് ചോദിച്ചു, കൊടുത്തു
മണ്ഡലത്തിൽ തകർന്ന റോഡുകളുടെ ലിസ്റ്റ് മന്ത്രി ആവശ്യപ്പെട്ട പ്രകാരം കൊടുക്കുക മാത്രമാണ് ചെയ്തത്. നിയമപരമായി ചെയ്യേണ്ട പ്രവൃത്തികൾ മാത്രം ചെയ്‌താൽ മതി. എസ്റ്റിമേറ്റിലും കൂടുതൽ തുക അനുവദിച്ചിട്ടുണ്ടെങ്കിൽ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരികെ പിടിക്കും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഇങ്ങിനെ തന്നെയാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്.
പി.ടി തോമസ് എൽ.എൽ.എ