കോതമംഗലം:വായ്പകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന മൊറട്ടോറിയം ഒരു വർഷത്തേക്ക് ദീർഘിപ്പിക്കണമെന്നും ഈ കാലയളവിൽ പലിശ ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. മൊറട്ടോറിയം നീട്ടുക കാർഷിക കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത്ഫ്രണ്ട് (എം) റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷകരെയും ചെറുകിട ഇടത്തരം കച്ചവടക്കാരെയും സഹായിക്കുന്നതിന് ഉടൻ തന്നെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിൽ പങ്കെടുത്ത യൂത്ത് ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി ജില്ലാ പ്രസിഡന്റ് ജോഷ്വാതായങ്കേരിയുടെ നേതൃത്വത്തിൽ നടത്തിയ ധർണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജിസൺ ജോർജ്ജ്, സുനിൽ ഈപ്പൻ, വിപിൻ വർഗീസ് എൽദോസ്.പി .വി തുടങ്ങിയവർ പങ്കെടുത്തു. യു ഡി എഫ് ജില്ലാ സെക്രട്ടറി വിൻസന്റ് ജോസഫ്, ഷൈസൺമാങ്കുഴ, കെ.വി.വർഗീസ്, സോണി ജോബ്, ജേക്കബ് പൊന്നൻ, ജോസഫ് മണവാളൻ ,ജോക്സ് പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.