lockdown-
LOCKDOWN,

കൊച്ചി : വിദേശത്ത് നിന്ന് വരുന്നവർ 14 ദിവസം സർക്കാർ കേന്ദ്രങ്ങളിലും തുടർന്ന് 14 ദിവസം വീട്ടിലും നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ലോക്ക് ഡൗണിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ഹർജികളിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ തുടങ്ങിയ വിഭാഗങ്ങൾക്കും ഇതു ബാധകമാണ്.

എന്നാൽ ഇളവുതേടി കേന്ദ്രസർക്കാരിന് കത്തുനൽകിയെന്നും മറുപടി പ്രതീക്ഷിക്കുകയാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. കത്തിൽ തീരുമാനം എടുക്കുന്നതുവരെ നിലവിലെ രീതിയിൽ 28 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകനും വിശദീകരിച്ചു. ഇരു സർക്കാരുകളുടെയും വിശദീകരണം രേഖപ്പെടുത്തിയ ഡിവിഷൻബെഞ്ച് ഹർജികൾ മേയ് 12ന് മാറ്റി.

ക്വാറന്റൈൻ കാലം സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന തർക്കം പ്രവാസികളെ കൊണ്ടുവരുന്നതിനെ ബാധിക്കുമോയെന്ന ആശങ്ക ഹർജിക്കാർ ഉന്നയിച്ചു. ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊവിഡ് വിഷയങ്ങളിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്. ഇതിൽ കോടതി ഇടപെടില്ലെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. പ്രവാസികളുടെ ചികിത്സയ്ക്ക് വിദേശത്തേക്ക് മെഡിക്കൽസംഘത്തെ അയയ്ക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നത് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മെഡിക്കൽ സംഘത്തെ അയയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസർക്കാരും അറിയിച്ചു.

സംസ്ഥാന സർക്കാർ അറിയിച്ചത്

 റാപ്പിഡ്ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയവരെയാണ് കൊണ്ടുവരുന്നത്.

 ഇവർ ഏഴുദിവസം സർക്കാരിന്റെ ക്വാറന്റൈനിൽ കഴിയും

 രോഗമില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാം. വീണ്ടും ഏഴുദിവസം ഹോം ക്വാറന്റൈനിൽ കഴിയണം

 ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്കൊഴികെ ഇതു ബാധകമാണ്.

 ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കും.