നെടുമ്പാശേരി: കുട്ടിയുടെ പാസ്പോർട്ട് കാലാവധി അവസാനിച്ചതറിയാതെ നാട്ടിലേക്ക് വരുന്നതിനായി വിമാനത്താവളത്തിലെത്തിയ പ്രവാസി കുടുംബത്തിന് ബഹ്റിൻ സോഷ്യൽ ഫോറത്തിന്റെയും അൻവർ സാദത്ത് എം.എൽ.എയുടെയും ഇടപെടൽ അവസാന നിമിഷം അനുഗ്രഹമായി.
പത്തനംതിട്ട കോഴഞ്ചേരി കല്ലുറുമ്പിൽ വീട്ടിൽ അനിൽ തോമസിനും കുടുംബത്തിനുമാണ് പരീക്ഷണം നേരിടേണ്ടി വന്നത്. 17 വർഷത്തോളമായി ബഹ്റിനിലാണ് അനിൽ തോമസ്. ഭാര്യയും രണ്ട് മക്കളും ഒപ്പമുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയിലെത്തിയ വിമാനത്തിലെ യാത്രക്കാരായിരുന്നു നാല് പേരും.
ബഹ്റിൻ വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനക്കിടെയാണ് മൂത്തമകൻ യോഹ (10)ന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞ ഏപ്രിൽ ഏഴിന് അവസാനിച്ചെന്നറിഞ്ഞത്. കൊച്ചിയിലെ എയർ ഇന്ത്യ അധികൃതരും എമിഗ്രേഷൻ വിഭാഗവും അനുവദിച്ചാൽ യാത്ര അനുവദിക്കാമെന്ന നിലപാടായിരുന്നു ബഹ്റിനിലെ എയർ ഇന്ത്യ വിമാന ജീവനക്കാർക്ക്. കേരള സോഷ്യൽ ഫോറം വഴി അൻവർ സാദത്തിനെ ബന്ധപ്പെട്ടു എം.എൽ.എ കൊച്ചിയിലെ ഇരുവിഭാഗത്തിലെയും ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ് അവസാന നിമിഷം അനിലിനും കുടുംബത്തിനും യാത്ര സൗകര്യം ഒരുങ്ങിയത്.