കിഴക്കമ്പലം: കൊവിഡ് പ്രതിരോധത്തിനിടയിലും മേഖല പകർച്ച വ്യാധി ഭീഷണിയിൽ.കുന്നത്തുനാട് പഞ്ചായത്തിലെ കിഴക്കെ മോറക്കാലയിൽ പത്തോളം പേരിൽ ഹൈപ്പറ്റൈറ്റിസ് ബി രോഗ ബാധ കണ്ടെത്തി. വയലാർപടി, ഗാന്ധി റോഡ് എന്നിവിടങ്ങളിൽ ചിലർക്ക് ഛർദ്ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കിഴക്കമ്പലം പഞ്ചായത്തിലെ ആഞ്ഞിലിച്ചുവട് ഭാഗത്തെ കോളനിയിൽ ചിക്കൻ പോക്സ് പടരുന്നു. ഒരു കുടുംബത്തിലെ കൊച്ചു കുഞ്ഞടക്കം ഏഴു പേർക്കാണ് ആദ്യം രോഗമുണ്ടായത്. പിന്നീട് സമീപ വീടുകളിലേയ്ക്ക് പടർന്നു ഇരുപതിലധികം പേർക്ക് രോഗം പിടി പെട്ടിട്ടുണ്ട്.
#ഹൈപ്പറ്റൈറ്റിസ് ബി
ഹൈപ്പറ്റൈറ്റിസ് ബി വൈറസ് പകരുന്നത് രക്തത്തിൽ കൂടിയും രക്തത്തിലെ ഘടകങ്ങളിൽ കൂടിയുമാണ്.
വിശപ്പില്ലായ്മ, ഓക്കാനം, അമിതമായ ക്ഷീണം, ഛർദി, മഞ്ഞപ്പിത്തം, ഇരുണ്ട മൂത്രം,വയറ്റിൽ വേദന, തൊലിപ്പുറത്ത് പാടുകൾ, സന്ധിവേദന, സന്ധിവീക്കം, കരൾവീക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.രക്തം, തുപ്പൽ എന്നിവയിൽ കൂടി രോഗം പകരുന്നു.
# ചിക്കൻ പോക്സ് ലക്ഷണങ്ങൾ
പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.പത്തു മുതൽ 20 ദിവസം വരെയാണ് അസുഖത്തിന്റെ കാലാവധി.
#പ്രതിരോധിക്കാം
കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
ഇളം ചൂടുവെള്ളത്തിൽ ദിവസവും കുളിക്കുക
ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്
രോഗം തുടങ്ങി ആദ്യ ദിനം മുതൽ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം
കുളിക്കുന്ന വെള്ളത്തിൽ ആരിവേപ്പില ഇട്ട് തിളപ്പിക്കുക
എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക
രോഗികൾ കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കുക