നെടുമ്പാശേരി: വ്യാഴാഴ്ച അബുദാബിയിൽ നിന്ന് എത്തിയ പ്രവാസികളിൽ എറണാകുളം ജില്ലക്കാർ 22 പേരുണ്ട്. ഇവരിൽ രോഗലക്ഷണങ്ങളില്ലാത്ത 12 പേരും സമീപ ജില്ലകളിൽ നിന്നുള്ള ആറു പേരുമാണ് ജില്ലയിലെ നിരീക്ഷണ കേന്ദ്രമായ മുട്ടം എസ്.സി.എം.എസ് ഹോസ്റ്റലിലുള്ളത്. ഒമ്പത് പേരെ വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചു. ഒരാൾ കളമശേരി മെഡിക്കൽ കോളേജിലാണ്.
60 റൂമുകളുള്ള എസ്.സി.എം.എസ് ഹോസ്റ്റലിൽ സൗജന്യ വൈഫൈ സംവിധാനമുൾപ്പടെ ലഭ്യമായത് നിരീക്ഷണത്തിലുള്ളവർക്ക് ആശ്വാസമായി.ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ചികിത്സക്കായി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനം, വിദഗ്ദ്ധ നിർദേശമാവശ്യമുള്ളവർക്ക് ടെലിമെഡിസിൻ സംവിധാനങ്ങൾ, സുഖ വിവരം തേടിയെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ വിളികൾ ... നിരീക്ഷണകാലത്ത് ആരോഗ്യത്തിൽ ആശങ്കവേണ്ടെന്ന ഉറപ്പാണ് ആരോഗ്യ വകുപ്പ് എല്ലാവർക്കും നൽകുന്നത്..
എസ്.സി.എം.എസ് ഹോസ്റ്റൽ ക്യാൻറീനിലാണ് ആഹാരമൊരുക്കുന്നത്. ടൂത്ത് ബ്രഷും പേസ്റ്റും മുതൽ മാറി വിരിക്കാൻ കിടക്ക വിരി വരെ നൽകി. ഇന്ത്യയിലെ ഹോട്‌സ്‌പോട്ടുകളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് കളമശേരി രാജഗിരി യൂത്ത് ഹോസ്റ്റലിലാണ് താമസ സൗകര്യം. കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്നും കുടുംബശ്രീ ക്യാൻറീനുകളിൽ നിന്നുമാണ് ഭക്ഷണം.