കൊച്ചി: ഏകാധിപതിയുടെ ഭൂതം ബാധിച്ചിരിക്കുകയാണ് മുഖ്യമന്ത്രിക്കെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. കൊവിഡ് കാലത്ത് ദുരിതത്തിലായ പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധ ജ്യോതി തെളിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത് ഇതിന്റെ തെളിവാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തെരുവുകളിൽ പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതെങ്ങനെയാണ് നിയമ ലംഘനമാകുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. സമരരഹിത കേരളമാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും ടി.ജെ.വിനോദ് പറഞ്ഞു.