കൊച്ചി : പ്രൊഫ. കെ.വി. തോമസിന്റെ 74-ാം ജന്മദിനമാണിന്ന്. ലോക്ക് ഡൗൺ നിയന്ത്രണം നിലവിലുള്ളതിനാൽ തിരക്കും ആർഭാടങ്ങളും ഒഴിവാക്കിയാണ് മാഷും കുടുംബവും ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്. "തോപ്പുംപടിയിലെ വീട്ടിലാണ് ഇത്തവണ പിറന്നാൾ ആഘോഷം. ഭാര്യയും കുടുംബവുമൊത്ത് ഉച്ചയൂണ്. അത്രയുമേ ഉണ്ടാവൂ." - പിറന്നാൾ വിവരങ്ങൾ തിരക്കി ഫോണിൽ വിളിച്ചപ്പോൾ മാഷ് പറഞ്ഞു. കൊവിഡ് കാലത്ത് വീട്ടിൽത്തന്നെ കഴിയേണ്ട സാഹചര്യമാണെങ്കിലും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മാഷിന് ബോറടിയില്ല. വായനയും എഴുത്തും കൃത്യമായി നടക്കുന്നുണ്ട്. കൊറോണ ഡേയ്സ് എന്ന പേരിൽ ദിവസവും കുറിപ്പെഴുതുന്നുണ്ട്. ഇതു പൂർത്തിയാക്കിയാൽ പുസ്തകമാക്കും. കുമ്പളങ്ങി എന്ന ഗ്രാമത്തെ കഥകളുടെ ലോകത്തേക്കെത്തിച്ച എറണാകുളത്തിന്റെ മുൻ എം.പിക്ക് കൊവിഡ് കാലത്തെക്കുറിച്ചും പ്രതീക്ഷകളുണ്ട്.

 ലോക്ക് ഡൗൺ കാലത്തെ പട്ടിണിമാറ്റിയ ഭക്ഷ്യസുരക്ഷ

പിറന്നാൾ ആഘോഷത്തിനൊപ്പം തോമസ് മാഷിന് സന്തോഷം പകരുന്ന മറ്റൊരു കാര്യമുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് വീട്ടിലിരിപ്പായ സാധാരണക്കാർക്കെല്ലാം സൗജന്യ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടിയെടുത്തു. അദ്ദേഹം കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന കാലത്ത് സ്വീകരിച്ച ഭക്ഷ്യ സുരക്ഷാ നടപടികളുടെ അനന്തരഫലമാണിത്.

 തോമസ് മാഷ് പറയുന്നു :

"ഭക്ഷ്യസുരക്ഷയെന്ന ആശയം സോണിയാഗാന്ധിയുടേതായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനും പി. ചിദംബരത്തിനും നടപ്പാക്കുന്നതിൽ ആശങ്കയുണ്ടായിരുന്നു. വരൾച്ചയും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എങ്ങനെ ഭക്ഷ്യധാന്യങ്ങൾ നൽകാനാവുമെന്നായിരുന്നു ആശങ്ക. പക്ഷേ സോണിയാഗാന്ധിക്ക് ഇക്കാര്യത്തിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ചു. ഒറീസ, പശ്ചിമബംഗാൾ, പഞ്ചാബ്, ഹരിയാന, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം കൂട്ടി. വിതരണം ചെയ്യാൻ ശൃംഖല ഉണ്ടാക്കി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ സഹായകമായത്. 50 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമാണ് രാജ്യത്തുണ്ടായിരുന്നത്. ഇതു 100 ദശലക്ഷമാക്കി. പിന്നീട് റോമിൽ നടന്ന ചടങ്ങിൽ വേൾഡ് ഫുഡ് ഒാർഗനൈസേഷൻ എന്നെയും ഡോ. എം.എസ്. സ്വാമിനാഥനെയും അഭിനന്ദിച്ചിരുന്നു."