കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ളാന്റ് നിർമ്മിക്കുന്നതിനായി അനുവദിച്ച സ്ഥലത്തേക്കുള്ള റോഡ് വീതി കൂട്ടി പുന:നിർമ്മിക്കുന്നതിനുള്ള രണ്ടു കോടി രൂപയുടെ പദ്ധതി ജില്ല കളക്‌ടറെ ഏല്പിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. റോഡ് നിർമ്മിക്കുന്നതിന് നിരവധി തവണ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സർക്കാർ ഈ ഉത്തരവാദിത്വം കളക്ടർക്ക് വിട്ടുകൊടുത്തത്. പത്തു മീറ്റർ വീതിയിലാണ് റോഡ് പുന:നിർമ്മിക്കുന്നത്. തദ്ദേശ സ്വയംഭരണ. എൻജിനിയറിംഗ് വിഭാഗം ഇതിനുള്ള പദ്ധതിയും തയ്യാറാക്കിയെങ്കിലും തുടർ പ്രവർത്തനങ്ങൾ നടന്നില്ല. ഏപ്രിൽ 13 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മാലിന്യസംസ്കരണം സംബന്ധിച്ച സംസ്ഥാനതല ഉപദേശക സമിതി യോഗത്തിൽ വീണ്ടും ഈ വിഷയം ചർച്ചയായതോടെയാണ് അടിയന്തര നടപടിയുണ്ടായത്. . കൊച്ചി കോർപ്പറേഷനുള്ള ഗ്രാന്റിൽ നിന്നും റോഡ് നിർമ്മാണത്തിനുള്ള തുക കുറവു ചെയ്യുന്നതിനും സ്പെഷ്യൽ സെക്രട്ടറി ആർ.എസ്.കണ്ണൻ ഉത്തരവിട്ടു.
ബ്രഹ്മപുരം പ്ളാന്റിലെ ലെഗസി മാലിന്യം ശാസ്ത്രിയമായി സംസ്കരിക്കുന്നിന് അനുയോജ്യരായ ഏജൻസിയെ കണ്ടെത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ സർക്കാർ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ സഹായം ചെയ്യുന്നതിനും ജില്ല കളക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സ്പെഷ്യൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.