വൈപ്പിൻ : തീരദേശവാസികളെ ആശങ്കയിലാഴ്ത്തുകയാണ് വെളിയത്താംപറമ്പ് കടപ്പുറത്ത്
ഇടിഞ്ഞുകിടക്കുന്ന കടൽഭിത്തി. രണ്ടാഴ്ച കഴിഞ്ഞാൽ ഇടവപ്പാതി ആരംഭിക്കുകയാണ്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥനിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മഴയോടൊപ്പം കടൽക്ഷോഭവുമുണ്ടാകുമെന്നതാണ് സാധാരണരീതി.
ഓഖി ദുരന്തസമയത്താണ് ഇവിടെ കടൽഭിത്തി ഇടിഞ്ഞുതകർന്നത്. ഇതുമൂലം കടൽക്ഷോഭമുണ്ടാകുമ്പോൾ കടലിൽനിന്നുള്ള തിരമാലകൾ കരയിലേക്ക് ഇരച്ചുകയറും. വീടുകളും പരിസരവുമെല്ലാം വെള്ളത്തിലാകും. ഇത്തരം സന്ദർഭങ്ങളിൽ ഇവിടെയുള്ളവരെല്ലാം വൈപ്പിൻ - മുനമ്പം സംസ്ഥാനപാതയ്ക്കരിലുള്ള ദേവിവിലാസം യു.പി സ്‌കൂളുകളിലേക്ക് ചേക്കേറും. പിന്നീട് കുറെ നാളുകൾ ഈ സ്‌കൂളുകളായിരിക്കും വെളിയത്താംപറമ്പ് കടലോര വാസികളുടെ രക്ഷാസങ്കേതം. വർഷത്തിൽ രണ്ടും മൂന്നും പ്രാവശ്യം അഭയാർത്ഥികളെപ്പോലെ ഇവിടെ കഴിയേണ്ടിവരും. ലോക്ക് ഡൗൺ സാഹചര്യങ്ങൾ കൂടി മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള നടപടികളാണ് വേണ്ടത്.
# മണൽത്തിട്ടകളും ശക്തിപ്പെടുത്തണം
കാലവർഷത്തിന് മുമ്പുതന്നെ കടൽഭിത്തിയിൽനിന്ന് ഇടിഞ്ഞുകിടക്കുന്ന കരിങ്കല്ലുകൾ പൂർവസ്ഥിതിയിൽ ആക്കുകയും കടൽഭിത്തി കവിഞ്ഞ് മുകളിലേക്ക് വരുന്ന വെള്ളത്തെ തടഞ്ഞുനിർത്താൻ മണൽത്തിട്ടകൾ ശക്തിപ്പെടുത്തുകയുമാണ് അടിയന്തിരമായി ചെയ്യേണ്ടത്.
# ജനപ്രതിനിധികൾ മുൻകൈയെടുക്കണം
കടലോരവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിന് എം.പി, എം.എൽ.എ എന്നിവർ മുൻകൈ എടുക്കണമെന്ന് പ്രദേശത്തെ ' ഒന്നാണ് നമ്മൾ' റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ , സെക്രട്ടറി വേണു എന്നിവർ ആവശ്യപ്പെട്ടു. ഇരുവർക്കും ഉടൻ നിവേദനം നൽകും.