കൊച്ചി: കൊവിഡ് ഭീതിയെ തുടർന്ന് മാറ്റി വച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മേയ് അവസാനത്തോടെ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു. അനുമതികൾ ലഭിച്ചാൽ മേയ് 21നും 29നുമിടയ്ക്ക് പരീക്ഷകളുണ്ടാകും. കുട്ടികളെക്കുറിച്ചുള്ള വിവരശേഖരണ നടപടികളും ആരംഭിച്ചു.

മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയെഴുതുമെന്നുറപ്പിക്കാൻ പ്രധാനാദ്ധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും കുട്ടിക്ക് എത്തിചേരാനാനുള്ള ബുദ്ധിമുട്ട് ബോദ്ധ്യപ്പെട്ടാൽ യാത്രാസൗകര്യം ഏർപ്പെടുത്തും.

അന്യസംസ്ഥാന,വിവിധ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികളെ പരീക്ഷക്കെത്തിക്കാൻ തീവ്രശ്രമം.

കൊവിഡ് ഡ്യൂട്ടിയിലുള്ള അദ്ധ്യാപകർക്ക് 14 ദിവസം ക്വാറന്റൈനുള്ളതിനാൽപകരം എൽ.പി, യു.പി അദ്ധ്യാപകരെ നിയമിക്കും.

എണ്ണം എടുക്കാനാവുന്നില്ല

ജില്ലയിൽ നിരവധി അന്യസംസ്ഥാന വിദ്യാർത്ഥികളുണ്ട്. ഇവരിൽ ഏറെപ്പേരും പ്രീ മെട്രിക് ഹോസ്റ്റലുകളിലുള്ള പട്ടിക വിഭാഗക്കാരായ വിദ്യാർത്ഥികളും നാടുകളിലേക്ക് മടങ്ങിയതിനാൽ എത്രപേർ പരീക്ഷയെഴുതുമെന്ന് ഉറപ്പില്ല.

പ്രീമെട്രിക് ഹോസ്റ്റൽവാസികളായവരെ പരീക്ഷയ്ക്കെത്തിക്കാൻ എസ്.എസി, എസ്.ടി. പ്രൊമോട്ടർമാരുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്.

അദ്ധ്യാപകരും സ്‌കൂളുകളിൽ എത്തിച്ചേരുന്നതിന് മതിയായ യാത്രാ സംവിധാനവും, ഡെപ്യൂട്ടി ചീഫുമാരായ അദ്ധ്യാപകർ ജില്ലയ്ക്കു പുറത്തുള്ളവരാണെങ്കിൽ അവരുടെ യാത്രയ്ക്കുള്ള ക്രമീകരണവും ഉറപ്പാക്കും.

കെ.വി. ലീല

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ


സ്‌കൂളുകൾ അണുവിമുക്തമാക്കും:
പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുമുക്തമാക്കൽ നടപടികൾ ആരംഭിച്ചു. സ്കൂളുകളുടെ ആവശ്യപ്രകാരം തീയതി നിശ്ചയിച്ചാവും നടപടിക്രമങ്ങൾ പൂർത്തിയാക്കുക. ഇതിനായി ജില്ലയിൽ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.