വൈപ്പിൻ : ലോക്ക് ഡൗൺ നടപടിക്രമങ്ങളെത്തുടർന്ന് അനിശ്ചിതത്വത്തിലായ വൈപ്പിൻ - മുനമ്പം മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾക്ക് വിരാമമാകുന്നു. എസ്. ശർമ്മ എം.എൽ.എ വിളിച്ചുകൂട്ടിയ ജില്ലാഭരണകൂടത്തിന്റെയും ബന്ധപ്പെട്ടവരുടെയും യോഗത്തിലാണ് പ്രശ്‌നപരിഹാരമുണ്ടായത്.
മത്സ്യബന്ധനത്തിനായി കടലിൽപോകുന്ന ബോട്ടുകളെ രജിസ്‌ട്രേഷൻ നമ്പറിലെ ഒറ്റ, ഇരട്ടഅക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയിരുന്നു. എന്നാൽ ക്രമപ്പെടുത്തൽ പുലർച്ചെ പുറപ്പെട്ട് മത്സ്യബന്ധനം കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തുന്ന കാര്യത്തിലേ പ്രായോഗികമാകൂ. എന്നാൽ ഈ മേഖലയിലെ ബോട്ടുകൾ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നതെന്നതിനാൽ നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് ബോട്ടുടമകൾ വ്യക്തമാക്കി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാഭരണകൂടത്തെ ചുമതലപ്പെടുത്തി.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ എസ്. ശർമ്മ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ എ.ഡി.എം ചന്ദ്രശേഖരൻ നായർ, ഫിഷറീസ് ഉപഡയറക്ടർ മാജ പി. ജോസ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഡെയ്‌സി, ബോട്ടുടമ പ്രതിനിധികളായ ജയപ്പൻ, രാധാകൃഷ്ണൻ, ബിജു , തരകൻമാരെ പ്രതിനിധീകരിച്ച് പി.ബി. സാംബശിവൻ, കെ.ബി. രാജീവ്, തൊഴിലാളി പ്രതിനിധികളായ എ.കെ. ഗിരീഷ്, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
# വൈപ്പിനിലെ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ പുന:സംഘടിപ്പിക്കും.
# മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സേവനം ഹാർബർ പ്രവർത്തനക്ഷമമാക്കുന്ന സമയത്തുതന്നെ ലഭ്യമാക്കും.
# ബോട്ടുകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള തടസങ്ങൾ നീക്കും.