breake
ബാനറിലൊതുങ്ങിയ കടയിരുപ്പിലെ കൈ കഴുകൽ കേന്ദ്രം

കോലഞ്ചേരി: കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഫലവത്തായ മാർഗങ്ങളായ കൈകഴുകലിനോടും സാനി​റ്റൈസർ ഉപയോഗത്തോടുമുള്ള ആവേശം ആറി തണുത്തു. വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ ജനം കൈകഴുകാൻ കാട്ടിയ ആവേശം കുത്തനെ കുറഞ്ഞു വരികയാണ്.നാടു നീളെ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സ്ഥാപിച്ച കൈ കഴുകൽ കേന്ദ്രങ്ങൾ നോക്കു കുത്തികളായി. അതേസമയം മുഖാവരണത്തിന്റെ ഉപഭോഗം കുത്തനെ കൂടുകയും ചെയ്തു. പൊതു ഇടങ്ങളിൽ മുഖാവരണം ഉപയോഗിക്കാത്തവർക്ക് പിഴ ചുമത്തി തുടങ്ങിയതോടെയാണിത്. ലോക്ക് ഡൗണിനെത്തുടർന്ന് ജനം വീടിനു പുറത്തിറങ്ങാതായതോടെ കൈ കഴുകൽ കേന്ദ്രങ്ങൾ സ്വാഭാവികമായും ഉപേക്ഷിക്കപ്പെട്ട നിലയിലായി. പ്രതിരോധമല്ലാതെ ചികിത്സയില്ലാത്ത സാഹചര്യത്തിൽ കൈകൾ ശുചിയാക്കുന്ന ശീലം പൂർവാധികം ശക്തമായി തുടരണമെന്ന് ബ്ളോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബിജുമോൻ പറഞ്ഞു.

#നോക്കുകുത്തികളായി കൈ കഴുകൽ കേന്ദ്രങ്ങൾ
എന്നാൽ ലോക്ക് ഡൗണിൽ ഇളവ് വരുത്തിയ ശേഷവും മിക്കയിടങ്ങളിലും ഇതാണവസ്ഥ. ഒഴിഞ്ഞ ജല സംഭരണികളും കാലിയായ സാനി​റ്റൈസർ ബോട്ടിലുകളും ഒഴിഞ്ഞ സോപ്പ് പെട്ടിയുമാണ് മിക്കയിടങ്ങളിലെയും കാഴ്ച. ചില സ്ഥലങ്ങളിലാകട്ടെ കൈകഴുകൽ കേന്ദ്രങ്ങളുടെ പരിസരംതന്നെ ഉണങ്ങിവരണ്ട നിലയിലാണ്.കൈ കഴുകൽ കേന്ദ്രങ്ങൾ ബാനറിലൊതുങ്ങിയ മേഖലകളുമുണ്ട്.