കോലഞ്ചേരി: വധുവിന് വയനാട്ടിലെ വരന്റെ വീട്ടിൽ 'ക്വാറന്റൈൻ'. പുത്തൻകുരിശ് മാനാന്തടം മുണ്ടയ്ക്കൽ കുര്യാച്ചന്റെയും ലില്ലിയുടെയും മകൾ എം.കെ.ലിയയാണ് വിവാഹത്തെ ക്വാറന്റൈൻ ആഘോഷത്തിലാക്കിയത്.

വയനാട് മടക്കുന്ന് മ​റ്റക്കാട്ട് ആന്റണിയുടെയും ഷാലിയുടെയും മകൻ ആൻവിൻ ആന്റണിയാണ് വരൻ. വധുവിന്റെ നാട്ടിലായിരുന്നു വിവാഹം തീരുമാനിച്ചത്. ലോക്ക് ഡൗൺ വിവാഹം മാറ്റി മറിച്ചു. ജില്ല മാറി എത്തിയാൽ ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന ഭീതിയിൽ ഇങ്ങോട്ടെത്തി പെണ്ണു കെട്ടൽ നടക്കില്ലെന്നുറപ്പായതോടെ വരനെ തേടി വധു വയനാട്ടിലേയ്ക്ക് പോയി​. ഇന്നാണ് വിവാഹം. ശനിയാഴ്ച തന്നെ വധുവിന്റെ സംഘം വയനാട്ടിലെത്തി. മാതാപി​താക്കളും സഹോദരനും അടക്കം പത്ത് പേർ സംഘത്തി​ലുണ്ട്. ഇവർ ഇന്ന് തന്നെ മടങ്ങും.

ഇന്നലെ സമ്പൂർണ ലോക്ക് ഡൗൺ ആയതോടെയാണ് യാത്ര ഒരു ദിവസം മുമ്പാക്കിയത്. വയനാട്ടിലേക്ക് പുറപ്പെടാനുള്ള അനുമതി പ്രതിശ്രുത വധുവിന് എ.ഡി​.എം കെ.ചന്ദ്രശേഖരൻ നായർ നല്കി. പുത്തൻകുരിശ് പൊലീസിൽ പാസിന് അപേക്ഷ നല്കിയെങ്കിലും ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് സംഘമായി പോകേണ്ടതിനാൽ കളക്ടറെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

കാക്കാനാട്ടെ സ്വകാര്യ കമ്പനി​യി​ൽ എച്ച്.ആർ.മാനേജരാണ് ലി​യ. എറണാകുളത്ത് തന്നെയാണ് ആൽവി​നും ജോലി​. ലോക്ക് ഡൗണി​ന് ശേഷം ഇരുവരും തി​രി​കെ എറണാകുളത്തെത്തും.