തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിൽ ഓൺലൈൻ ക്ളാസുകൾ ഉഷാർ
തൃപ്പൂണിത്തുറ: സ്കൂളുകൾ തുറന്നില്ലെങ്കിലും രാവിലെ പഠനമുറികളിൽ ശ്രീനാരായണ വിദ്യാപീഠത്തിലെ ടീച്ചറും കുട്ടികളും ഹാജരുണ്ട്. ലോക്ക് ഡൗണിൽ നഷ്ടപ്പെടുന്ന അദ്ധ്യയന ദിനങ്ങൾ ഓൺലൈൻ ക്ലാസുകളിലൂടെ വീണ്ടെടുത്ത് പുത്തൻ മാതൃക സൃഷ്ടിക്കുകയാണ് തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം. ജില്ലയിൽ ആദ്യമായി ഓൺലൈൻ പഠനം ആരംഭിച്ച സ്കൂളുകളിലൊന്നാണ് വിദ്യാപീഠം.
ഏപ്രിൽ എട്ടു മുതൽ 9,10,12 ക്ളാസുകളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കായി ആരംഭിച്ച പഠനം സമ്പൂർണ വിജയകരമായി ഒരു മാസം പിന്നിട്ടു. രാവിലെ ഒൻപതര മുതൽ പന്ത്രണ്ട് വരെയാണ് ക്ലാസ്. കുട്ടികൾക്കും സംഗതി ഇഷ്ടപ്പെട്ടതായി അദ്ധ്യാപകർ പറയുന്നു.
ലോക്ക് ഡൗൺ നീണ്ടാൽ ഒന്നാം ക്ലാസ് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനുള്ള സംവിധാനവും സ്കൂൾ ഒരുക്കി കഴിഞ്ഞു.
26 ക്ളാസുകളാണ് ഇവിടെയുള്ളത്. എല്ലാം ഡിജിറ്റൽ സ്മാർട്ട് ക്ളാസുകളായതിനാൽ ഓൺലൈനിലേക്ക് മാറുന്നതും എളുപ്പമായിരുന്നു. ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽ.എം.എസ്) ഉപയോഗിച്ചാണ് പഠനം.
സിലബസ് കുട്ടികൾക്ക് നേരത്തേ ഡൗൺലോഡ് ചെയ്യാം. വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ടൈംടേബിൾ നേരത്തേ നൽകും.ക്ളാസ് ആരംഭിക്കുമ്പോഴോ അതിനു മുമ്പോ കുട്ടികൾക്ക് പാഠഭാഗം നോക്കുകയും ആകാം. കമ്പ്യൂട്ടറോ വെബ് കാമറ ഘടിപ്പിച്ച സ്മാർട്ട് ഫോണോ ഉപയോഗിക്കണം. ടീച്ചറുമായി ആശയവിനിമയവും നടത്താം. കാമറ പ്രത്യേകം ഇല്ലെങ്കിലും കുഴപ്പമില്ല. ക്ളാസ് മിസായാലും കുഴപ്പമില്ല. റെക്കോർഡ് ചെയ്യുന്നതിനാൽ പിന്നീടും റെഫർ ചെയ്യാം. പക്ഷേ കുട്ടികൾ മുങ്ങിയാൽ ടീച്ചർക്ക് മനസിലാകും. രണ്ട് മൂന്നു ക്ളാസുകൾ കണ്ടില്ലെങ്കിൽ രക്ഷകർത്താവിനെ വിളിച്ചു ചോദിക്കുകയും ചെയ്യുന്നുണ്ട്.
• സമ്പൂർണ വിജയം
ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചത്. പക്ഷേ പൂർണ വിജയമാണ്. ആദ്യം തന്നെ അദ്ധ്യാപകർക്ക് ഓൺലൈനിൽ പരിശീലനം നൽകി. രക്ഷകർത്താക്കളും പിന്തുണയുമായി ഒപ്പം നിന്നു.
എം.എൻ ദിവാകരൻ, സ്കൂൾ മാനേജർ
എം.ആർ രാഖി പ്രിൻസ്, പ്രിൻസിപ്പൽ