പറവൂർ : പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തന്റെ നേതൃത്വത്തിൽ പറവൂർ നിയോജകമണ്ഡലത്തിൽ നടന്നുവരുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയെ സംബന്ധിച്ച് ഏതന്വേഷണത്തേയും സ്വാഗതംചെയ്യുന്നതായി വി.ഡി. സതീശൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. വിജിലൻസ് അന്വേഷണം നടത്തണമെന്ന സി.പി.എം പറവൂർ, ആലങ്ങാട് ഏരിയാ സെക്രട്ടറിമാരുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദേഹം.
# സി.പി.എം ആരോപണം കെട്ടുകഥയെന്ന്
പുനർജനി പദ്ധതിയുടെ ജനപ്രീതി തകർക്കാനും പ്രളയഫണ്ട് തട്ടിച്ച പ്രതികളെ സംരക്ഷിച്ച് പ്രതിക്കൂട്ടിലായ സി.പി.എം ജില്ലാ നേതൃത്വത്തെ സംരക്ഷിക്കാനും മെനഞ്ഞുണ്ടാക്കിയ കെട്ടുകഥയാണ് നേതാക്കളുടെ ആരോപണം. കൊവിഡ് കാലത്തെ പുനർജനി പദ്ധതിയും സുതാര്യമാണ്. രാഷ്ട്രീയ പരിഗണനകളില്ലാതെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിച്ചിട്ടുള്ളത്. താൻ നടത്തിയ എല്ലാ വിദേശയാത്രകൾക്കും കേന്ദ്രസർക്കാരിന്റെ നടപടിക്രമങ്ങൾ പാലിച്ച് രേഖാമൂലമുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് വാങ്ങിയിട്ടുണ്ട്. ബെർമിംഗ്ഹാമും ഗൾഫ് രാജ്യങ്ങളും സന്ദർശിച്ച് വ്യക്തിപരമായ എല്ലാബന്ധങ്ങളും ഉപയോഗിച്ച് പറവൂരിലെ പ്രളയബാധിതരെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമാണുള്ളത്. ഇതേസംഘം നൽകിയ പരാതികളനുസരിച്ച് ക്രൈംബ്രാഞ്ചും വിജിലൻസും രണ്ട് പ്രാഥമിക അന്വേഷണങ്ങൾ നടത്തി ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. പ്രളയ,കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ നടത്തിവരുന്ന എല്ലാ പ്രവർത്തനങ്ങളുമായും സഹകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിനന്ദിച്ചിട്ടുമുണ്ട്. പുനർജനി പദ്ധതിയുമായി മുന്നോട്ടുപോകും.
കോടികളുടെ ക്ഷേമപ്രവർത്തനം
# പുനർജനി പദ്ധതിയിൽ കോടിക്കണക്കിന് രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് നടത്തുന്നത്.
# സ്പോൺസർമാരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് എല്ലാപ്രോജക്ടുകളും നടത്തിയിട്ടുള്ളത്.
# താലൂക്ക് ആശുപത്രിക്ക് ഒന്നരക്കോടിയുടെ മരുന്നുകൾ.
# പ്രളയാനന്തരം എഴുപതിനായിരം വീടുകളിൽ പലവ്യഞ്ജനകിറ്റുകൾ നൽകി
# 173 വീടുകൾ നിർമ്മിച്ച് താക്കോൽനൽകി. നാൽപതോളം വീടുകളുടെ നിർമ്മാണം നടന്നുവരുന്നു.
# സ്ത്രീകൾക്ക് 1300 തയ്യൽമെഷീനുകൾ നൽകി.
# സ്കൂളുകളുടെ നവീകരണം, വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം, എല്ലാം നശിച്ച വ്യാപാരികൾക്ക് ധനസഹായം
പദ്ധതി രാജ്യത്തെ മാനദണ്ഡങ്ങൾ അനുസരിച്ച്
രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷനുമാണ് പുനർജനിയുടെ പങ്കാളികൾ. കേന്ദ്ര ,സംസ്ഥാനസർക്കാരുകൾ അംഗീകരിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന അംഗീകൃത അക്കൗണ്ടിലൂടെയാണ് പദ്ധതിക്കായി പണം ചെലവഴിച്ചിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളുടെ ഓഡിറ്റിന് വിധേയവുമാണ്. സംസ്ഥാന സർക്കാരിനും ഈ കണക്കുകൾ പരിശോധിക്കാം.