കൊച്ചി: മാല ദ്വീപിൽ കുടുങ്ങിയ 698 ഇന്ത്യക്കാരുമായി ഇന്നു രാവിലെ പത്തോടെ കൊച്ചി തുറമുഖത്തെത്തുന്ന നാവികസേനയുടെ കപ്പൽ ജലാശ്വയെ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.
കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും തുറമുഖത്തെത്തുമ്പോൾ തന്നെ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശേരി മെഡിക്കൽ കോളേജിലേക്കുമായിരിക്കും ഇവരെ പരിശോധനക്കും തുടർന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്.
കൊവിഡ് ഇതര രോഗങ്ങൾ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങളുടെ ചുമതല പോർട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്.
വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.
യാതൊരു രോഗലക്ഷണങ്ങളുമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധന പൂർത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും.
യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവർക്കും പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികൾ കഴിവതും വേഗത്തിൽ പൂർത്തിയാക്കി യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.