കൊച്ചി: യു.എ.ഇയിലെ കൊവിഡ്-19 രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആസ്റ്റർ മെഡ്‌സിറ്റിയിലെ 19 പേരുൾപ്പെടെ ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന് കീഴിലുള്ള ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘം ദുബായിലേക്ക് യാത്രയായി. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് മെഡിക്കൽ സംഘത്തെ അയക്കാൻ തീരുമാനിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഡൽഹിയിലെ യു.എ.ഇ എംബസി, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി എന്നിവരുടെ സഹകരണത്തോടെയാണ് സംഘത്തെ അയച്ചത്.
ആസ്റ്റർ മെഡ്‌സിറ്റിക്ക് പുറമേ ആസ്റ്റർ മിംസ് കാലിക്കറ്റ്, ആസ്റ്റർ മിംസ് കോട്ടയ്ക്കൽ, ആസ്റ്റർ മിംസ് കണ്ണൂർ, ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ, ആസ്റ്റർ ആർ.വി എന്നീ ആശുപത്രികളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ദുബായ് ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച വൈകിട്ട് 3ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് സംഘം യാത്രയായത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്നും പുറപ്പെട്ട സംഘത്തെ ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് ഉൾപ്പെടെയുള്ള മാനേജ്‌മെന്റ് പ്രതിനിധികൾ യാത്രയാക്കി.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയാറാക്കിയ ആശുപത്രികളിലാകും ഇനി വരുന്ന മൂന്ന് മുതൽ ആറു മാസക്കാലം ഇവരുടെ സേവനം. ശേഷം സ്വന്തം സ്ഥാപനങ്ങളിൽ ഇവർ തിരികെ ജോലിക്ക് പ്രവേശിക്കും. മെഡിക്കൽ സംഘത്തിന്റെ ദുബായിലെ താമസം, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റിയാണ് നിർവഹിക്കുക. കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് പദ്ധതിക്കുള്ള ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ പിന്തുണയുടെ ഭാഗമായാണ് മെഡിക്കൽ സംഘത്തിനെ അയച്ചത്.