കോതമംഗലം: കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. വാരപ്പെട്ടി, നെല്ലിക്കുഴി, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പിടിപെട്ടിട്ടുള്ളത്.13 പേർക്ക് ഡെങ്കിപ്പനി പിടിപെട്ടതായിട്ടാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്.വാരപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം 26 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കോവിഡ് പശ്ചാതലത്തിൽ കാക്കനാട് പബ്ലിക് ഹെൽത്ത് ലാബിൽ ഡെങ്കിപ്പനി പരിശോധന സാധ്യമല്ലാത്തത് മൂലം അതാത് പ്രദേശത്തെ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കാർഡ് ടെസ്റ്റിലൂടെയാണ് പരിശോധന നടത്തുന്നത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് പേർ ഡെങ്കിപ്പനി ചികിത്സയിൽ കഴിയുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.വാരപ്പെടിയിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രോഗബാധിത പ്രദേശത്ത് ഫോഗിങ്ങും കൊതുക് ഉറവിടനശീകരണവും നടത്തുന്നുണ്ട്.
രണ്ടാം വരവ്
ഡെങ്കിപ്പനി ബാധിത പ്രദേശത്ത് ആരോഗ്യ വകുപ്പ് നടത്തിയ പ്രതിരോധ പ്രവർത്തനത്തിന്റെ ഫലമായി രോഗം നിയന്ത്രണ വിധേയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൈലൂർ, പോത്തന്നാക്കാവ് ഭാഗങ്ങളിലാണ് ഇക്കുറി രോഗം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. കോതമംഗലം നഗരസഭയിലെ വെണ്ടുവഴിയിൽ 3 പേർക്കും നെല്ലിക്കുഴി പഞ്ചായത്തിലെ മറ്റത്തിപ്പിടിക ഭാഗത്ത് 4 പേർക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടത്.