നെടുമ്പാശേരി: കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിസ്റ്റർമാരും. നെടുമ്പാശേരി കാരിയാട് സാന്റാ തെരേസ കോൺവെന്റിലെ സിസ്റ്റർമാർ ഒരു ടിക്കറ്റിനുള്ള തുകയായ 15,000 രൂപ അൻവർ സാദത്ത് എം.എൽ.എക്ക് കൈമാറി.
എം.എൽ.എ ആലുവക്കാരും നിർദ്ധനരുമായ പത്ത് പ്രവാസികൾക്ക് സ്‌പോൺസർഷിപ്പിലൂടെ ടിക്കറ്റെടുത്ത് നൽകുമെന്ന വാർത്ത പത്രങ്ങളിലൂടെ അറിഞ്ഞ സിസ്റ്റർമാർ എം.എൽ.എയോട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടർന്ന് എം.എൽ.എ കോൺവെന്റിലെത്തി തുക ഏറ്റുവാങ്ങി. സാന്റാ തെരേസ കോൺവെന്റിൽ പുതിയതായി നിർമ്മിച്ച 25 മുറികളുള്ള കെട്ടിടം ക്വാറന്റൈൻ ആവശ്യങ്ങൾക്കായി വിട്ടുതരുന്നതിനും സമ്മതമാണെന്നും സിസ്റ്റർമാർ പറഞ്ഞു.
മദർ സുപ്പീരിയർ സിസ്റ്റർ ജോയ്‌സി ചിറ്റിനാപ്പിള്ളി തുക കൈമാറി. അസിസ്റ്റന്റ് സുപ്പീരിയർ സിസ്റ്റർ റോസിലി കോലഞ്ചേരി, സിസ്റ്റർ ജെയിൻ എടാട്ടേൽ, മുൻ പഞ്ചായത്ത് മെമ്പർ പി.വൈ. എൽദോ എന്നിവർ സന്നിഹിതരായിരുന്നു.