കൊച്ചി: എറണാകുളം ജില്ലയിൽ ആശങ്കയുടെ നെഞ്ചിടിപ്പേറ്റ് ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മേയ് 7 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസുകാരനാണ് രോഗം.

മലപ്പുറം സ്വദേശിയാണ്. ലക്ഷണങ്ങൾ കണ്ടതോടെ വിമാനത്താവളത്തിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലാക്കി​യതാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇതോടെ ജില്ലയിൽ നിലവിൽ രണ്ട് കൊവി​ഡ് രോഗികളായി​. ചെന്നൈയിൽ നിന്നെത്തിയ വൃക്കരോഗി​യായ എറണാകുളം സ്വദേശിനിയാണ് മറ്റൊരാൾ. ആലുവയി​ലെ സ്വകാര്യ ആശുപത്രി​യി​ലാണി​പ്പോൾ.

ഇന്നലെ ലഭിച്ച 53 പരിശോധന ഫലങ്ങളിൽ യുവാവിന്റേത് ഒഴികെ ബാക്കിയെല്ലാം നെഗറ്റീവാണ്. ഇനി 47 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്. ഇന്നലെ 46 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു.

കൊവിഡ് കെയർ സെന്ററുകളിൽ 389 പേർ

ജില്ലയിലെ കോവിഡ് കെയർ സെന്ററുകളായ ഗവൺമെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ, പാലിശ്ശേരി സിഎംസ് ഹോസ്റ്റൽ, മുട്ടം സിഎംസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ് എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ 20 പേരും നിരീക്ഷണത്തിലുണ്ട്.

പരിശോധന കർശനം

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ തുറന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്‌സ്‌മെന്റ സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 49 സ്ഥാപനങ്ങൾ പരിശോധിച്ചു. 3 സ്ഥാപങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു.

പുതുതായി വീടുകളിൽ നിരീക്ഷണത്തിലായവർ- 556

പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ - 92

വീടുകളിൽ ആകെ നിരീക്ഷണത്തിലുള്ളവർ - 1284

ഹൈ റിസ്ക് വിഭാഗം - 47

ലോ റിസ്ക് വിഭാഗം - 1237

പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കപ്പെട്ടവർ - 3

കളമശേരി മെഡിക്കൽ കോളേജ് - 1

സ്വകാര്യ ആശുപത്രികൾ - 2

വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 20

കളമശേരി മെഡിക്കൽ കോളേജ് – 8
കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
സ്വകാര്യ ആശുപത്രികൾ - 11