മൂവാറ്റുപുഴ: വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്‌റിൽ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. ആവശ്യമായ സംവിധാനങ്ങളും റവന്യൂആരോഗ്യതദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.ജില്ലയിലെ 40 ഓളം കോവിഡ് രോഗികളെ പാർപ്പിക്കാവുന്ന പ്രധാന ഐസലേൻ വാർഡ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആവോലി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധസംഘടന പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സെന്റർ സജ്ജീകരിച്ചത്. സെന്ററിന്റെ അവസാനഘട്ട ഒരുക്കങ്ങൾ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, ആവോലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.കെ.അജി, ഗീത ഭാസ്‌കർ, ലിൻസി ടൈറ്റസ്, ആവോലി മെഡിക്കൽ ഓഫീസർ പ്രിയ ബൽരാജ്, വില്ലേജ് ഓഫീസർ ശരത് ചന്ദ്രബോസ്, പഞ്ചായത്ത് സെക്രട്ടറി ഷൈബ ഗോപാലൻ എന്നിവരും പങ്കെടുത്തു.
#നിരീക്ഷണത്തിലുള്ളത് 62 പേർ
ഇതര സംസ്ഥാനത്ത് നിന്നടക്കമുള്ള 62 പേരാണ് നിരീക്ഷണത്തിലുള്ളത്. 85 പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യമാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷൻ കൗണ്ടർ അടക്കം സജ്ജീകരിച്ച സെന്ററിൽ ഇന്നലെ ആദ്യ രജീസ്‌ട്രേഷൻ നടത്തിയത്‌ചെന്നെയിൽ നിന്നുമെത്തിയ യുവാവും യുവതിയെയുമാണ്.
അതിർത്തിയിൽ കുടുങ്ങികിടക്കുന്നവരെ
നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം; എം.എൽ.എ
സംസ്ഥാന അതിർത്തികളിൽ കുടുങ്ങി കിടക്കുന്നവരെ നട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്.സുനിൽകുമാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന അതിർത്തികളിൽ സാങ്കേതികത്വത്തിൽ കുടുങ്ങി നിരവധിയാളുകളാണ് കേരളത്തിലേയ്ക്ക് കടക്കാൻ കഴിയാതെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കുടുങ്ങി കിടക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.