ആലുവ: നാലാംമൈൽ വ്യവസായമേഖലയിൽ പൂട്ടിക്കിടക്കുന്ന ഫാക്ടറിവളപ്പിൽ മാലിന്യങ്ങൾ തള്ളിയ ലോറി ഡ്രൈവർ രായമംഗലം ചിറക്കകുടി വീട്ടിൽ രഞ്ജിത്ത് മണിയെ (26) അറസ്റ്റുചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു. മാലിന്യം ലോറിയിൽ കയറ്റി വിട്ടയാൾ ഇന്ന് പിടിയിലാകുമെന്ന് എടത്തല പൊലീസ് പറഞ്ഞു.എടത്തല പഞ്ചായത്ത് അഞ്ചാം വാർഡിൽ പൂട്ടിക്കിടക്കുന്ന ശ്രീലക്ഷ്മി എന്ന ഫാക്ടറിയിലെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് രാത്രിയുടെ മറവിൽ പ്ലാസ്റ്റിക്, രാസ, ഫാക്ടറി മാലിന്യങ്ങൾ തള്ളുന്നത്. ആറ് വർഷത്തോളമായി അടഞ്ഞ് കിടക്കുന്ന സ്ഥാപനം സാമൂഹ്യദ്രോഹികളുടെയും ചീട്ട് കളിക്കാരുടെയും കഞ്ചാവ് വില്പനക്കാരുടെയും വിഹാരകേന്ദ്രമാണ്. മാലിന്യങ്ങൾ രാത്രികാലങ്ങളിൽ കത്തിക്കുന്നതും നിത്യസംഭവമാണ്. ഇതുമൂലം തങ്ങൾക്ക് ശ്വാസതടസവും മറ്റുമുണ്ടാകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.