കോലഞ്ചേരി: മഴുവന്നൂരിലെ സ്വന്തം വീട്ടിൽ ചാരായം വാറ്റുന്നതിനിടെ വീട്ടുടമ പിടിയിൽ. മഴുവന്നൂർ പുളിഞ്ചുവട് വീട്ടിൽ സഞ്ജുവിനെ (36) പെരുമ്പാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. നാല് ലിറ്റർ ചാരായവും 30 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വീടിനോട് ചേർന്ന് താത്കാലിക ഷെഡുണ്ടാക്കിയായിരുന്നു വാറ്റ് നടത്തിയിരുന്നത്. ചാരായം വൻ വിലയ്ക്ക് വില്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരീഷ്, പ്രിവിന്റീവ് ഓഫീസർ ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ടോസ്, ഷൈജു,രാഹുൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.