തൃക്കാക്കര: പ്രളയബാധിത പ്രദേശങ്ങളിലെ തകർന്ന റോഡുകൾ നവീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തൃക്കാക്കര മണ്ഡലത്തിൽ അനുവദിച്ച തുക തൃക്കാക്കരയിലെ വെള്ളം കയറിയ വാർഡുകൾക്ക് എംഎൽഎ അനുവദിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം കളമശ്ശേരി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
പി.ടി. തോമസ് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം അനുവദിച്ച 4.73 കോടി രൂപയാണ് ദുർവിനിയോഗം ചെയ്തത്. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റിവിൽ ഉൾപ്പെടാത്ത റോഡുകൾക്കുള്ള തുകയാണ് നൽകിയിട്ടുള്ളത്.തൃക്കാക്കരയ്ക്ക് അനുവദിച്ച 11 പൊതു മരാമത്ത് പ്രവൃത്തികൾ നടത്തിയതിൽ ഒരു വാർഡിൽ പോലും വെള്ളം കയറിയിട്ടില്ല. പ്രളയത്തിൽ വെള്ളം കയറിയ 1, 2, 3, 40,41,42 എന്നീ വാർഡുകളെയാണ് ഒഴിവാക്കിയത്.നഗരസഭ എൻജിനിയറിംഗ് വിഭാഗം രണ്ടരലക്ഷം രൂപ എസ്റ്റിമേറ്റ് എടുത്ത ഒരു റോഡിന് സി.എം.ഡി.ആർ.എഫ് ഫണ്ടിൽ നിന്നും പത്തുലക്ഷം രൂപയാണ് എം.എൽ.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ചത്.തൃക്കാക്കര നഗരസഭ കൗൺസിലുമായി ചർച്ച ചെയ്യാതെ തികച്ചും രാഷ്ട്രീയ താത്പര്യത്തോടെ സർക്കാരിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ്.നഗരസഭയുടെ റോഡുകളിൽ മരാമത്ത് പണികൾ ചെയ്യണമെങ്കിൽ കൗൺസിലിന്റെ അനുവാദം ലഭിക്കേണ്ടതുണ്ട്.താൻ മാത്രമാണ് എല്ലാ കാര്യങ്ങളിലും ശരിയെന്ന് പറയുന്ന എംഎൽഎ നഗ്നമായ അധികാര ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും.മുഖ്യമന്ത്രിയുടെ ഓഫീസും പൊതുമരാമത്ത് വകുപ്പും ഇടപ്പെട്ട് പ്രളയബാധിത വാർഡുകളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സെക്രട്ടറി വി.എ.സക്കീർഹുസൈൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.