കൂത്താട്ടുകുളം: മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ. കൂത്താട്ടുകുളം നഗരസഭ, തിരുമറാടി, പലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭ 25 ഡിവിഷനുകളിലും പ്രവർത്തനങ്ങൾ ആരംഭിച്ചു. ടൗണിലെ പ്രവർത്തനങ്ങൾ രണ്ട് ദിവസങ്ങൾക്കകം ആരംഭിക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷൻ റോയി എബ്രഹാം പറഞ്ഞു.പാലക്കുഴ പഞ്ചാത്തിൽ 60 ശതമാനം പ്രവർത്തനങ്ങൾ പൂർത്തീകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ അറിയിച്ചു. 13 വാർഡുകളിലായി ഓടശുചീകരണം റോഡ് വശങ്ങൾ വൃത്തിയാക്കൽ എന്നിവ നടന്നു. ഇലഞ്ഞിയിൽ കഴിഞ്ഞ വേനൽകാലത്ത് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഓടശുചീകരണം നടത്തിയിരുന്നു. അതുകൊണ്ട് ഈക്കൊല്ലം ഓടശുചീകരണം കാര്യമായി വേണ്ടിവരില്ലെന്നും ഓടകളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന മാലിന്യങ്ങൾ നീക്കുവാനുള്ളനടപടികൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് ജോയിസ് മാമ്പിളി അറിയിച്ചു.
തിരുമാറാടിയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മണ്ണ് നീക്കം ചെയ്യേണ്ട സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളും വൃത്തയാക്കി ഓടകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പ്രസിഡന്റ് ഒ.എൻ. വിജയൻ അറിയിച്ചു.